കെ ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലുള്ളതല്ല – യൂത്ത്കോൺഗ്രസ്‌

Jaihind Webdesk
Tuesday, April 13, 2021

ലോകായുക്തയുടെ പരാമർശം വന്ന ശേഷമുള്ള മന്ത്രി കെ ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിൽ അല്ലെന്നും നിക്കക്കള്ളിയില്ലാതെ വന്നപ്പോൾ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ ചെയ്തതാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ പറഞ്ഞു. അൽപമെങ്കിലും ധാർമികത ഉണ്ടായിരുന്നുവെങ്കിൽ ഈ വിവാദങ്ങൾ ഉണ്ടായ സമയത്തോ അല്ലെങ്കിൽ ആരോപണത്തിന് അടിസ്ഥാനമായ അനധികൃതമായി ജോലിയിൽ പ്രവേശിച്ച വ്യക്തി രാജിവെച്ച സമയത്തോ മന്ത്രി രാജിക്ക് തയ്യാറാകണമായിരുന്നു. ഇവിടെ കെ ടി ജലീൽ അവസാന വഴിയും തേടി ഹൈക്കോടതിയിൽ വരെ സമീപിച്ചിട്ടും മറിച്ചൊരു നിരീക്ഷണം ഉണ്ടാകില്ലെന്ന വസ്തുത മനസ്സിലാക്കിയപ്പോഴാണ് രാജിക്ക് തയ്യാറായത്. തുടക്കം മുതലെ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരുന്നത്.

ഇതേ മന്ത്രിസഭയിൽ മുമ്പ് രാജിവച്ച മന്ത്രിമാർക്ക് ഒന്നും നൽകാത്ത പരിഗണന മുഖ്യമന്ത്രി കെ ടി ജലീലിന് മാത്രം നൽകിയത് ഇത്തരം പ്രവർത്തനങ്ങളിലെ മുഖ്യമന്ത്രിയുടെ കൂടി പങ്കിൽ സംശയം ഉണ്ടാക്കുന്നതാണ്. കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഒട്ടേറെ സമര പോരാട്ടങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകിയിരുന്നു. ആ സമരങ്ങളുടെയും പ്രതിപക്ഷ ഇടപെടലുകളുടെയും കൂടി വിജയമാണ് കെ ടി ജലീലിന്റെ രാജിയെന്നും പ്രസ്താവനയിൽ പറയുന്നു.