യുഎഇ കോണ്‍സുലേറ്റില്‍ സഹായം അഭ്യർത്ഥിച്ചത് ചട്ടവിരുദ്ധം; മന്ത്രി കെ.ടി. ജലീലില്‍ നിന്ന് കേന്ദ്രം വിശദീകരണം തേടും

Jaihind News Bureau
Friday, July 17, 2020

മന്ത്രി കെ.ടി ജലീലിൽ നിന്ന് കേന്ദ്ര സർക്കാർ വിശദീകരണം തേടും. വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചതിലാണ് വിശദീകരണം തേടുന്നത്. കോണ്‍സുലേറ്റിൽ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നതും ഗുരുതര ചട്ടലംഘനമെന്ന് കേന്ദ്രം.

യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ആശയവിനിമയം നടത്തിയ കെ.ടി ജലീൽ ചട്ടലംഘനം നടത്തി എന്നാണ് കേന്ദ്ര നിരീക്ഷണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ജലീലിൽ നിന്ന് വിശദീകരണം തേടാൻ ഒരുങ്ങുന്നത്. കോണ്‍സുലേറ്റുകളുമായി ഇടപെടേണ്ടത് ഏതു തരത്തിലാകണം എന്ന് കൃത്യമായ മാർഗ രേഖകൾ നിലവിലുണ്ട്. കോണ്‍സുലേറ്റിന് നേരിട്ട് മന്ത്രിയായോ മന്ത്രിക്ക് തിരിച്ചോ നേരിട്ട് ആശയ വിനിമയം നടത്താൻ പ്രോട്ടോക്കോൾ അനുവദിക്കുന്നില്ല. ഇത്തരത്തിൽ ആശയവിനിമയം നടത്തണം എങ്കിൽ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ച്, പൊതുഭരണ വകുപ്പ് വഴി വേണം മുന്നോട്ട് നീങ്ങാൻ. സ്വപ്ന ഉൾപ്പെടെയുള്ള കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായി മന്ത്രി ഇടപെട്ടതും പ്രോട്ടോക്കോൾ ലംഘനത്തിന്‍റെ പരിധിയിൽ വരും.

ഒരു നയതന്ത്ര സ്ഥാപനത്തിൽ നിന്ന് സാമ്പത്തിക സഹായം നേരിട്ട് കൈപ്പറ്റുന്നതും ഗുരുതരമായ വീഴ്ചയാണ്. വിഷയത്തിൽ വിശദീകരണം തേടുന്ന മുറക്ക് മന്ത്രിക്ക് കാര്യങ്ങൾ കൃത്യമായി കേന്ദ്ര സർക്കാരിന് മുന്നിൽ വിവരിക്കേണ്ടി വരും. സ്വർണകടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ കാൾ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി കെ.ടി ജലീൽ രംഗത്ത് വന്നത്. ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട അവശ്യത്തിനാണ് വിളിച്ചത് എന്നായിരുന്നു വിശദീകരണം. കോണ്‍സുലേറ്റ് ജനറൽ നൽകിയ നിർദ്ദേശ പ്രകാരമാണ് സ്വപ്നയെ വിളിച്ചത് എന്നും ജലീൽ പറഞ്ഞിരുന്നു.

https://www.facebook.com/JaihindNewsChannel/videos/418265402411515