മന്ത്രി കെ.ടി ജലീല്‍ കോടിയേരിയെ കൂടെ നിര്‍ത്തിയത് ഭീഷണിപ്പെടുത്തി: പി.കെ ഫിറോസ്

Jaihind Webdesk
Thursday, January 24, 2019

KT-Jaleel-PK-Firoz

മന്ത്രി കെ.ടി ജലീലിന്‍റെ വകുപ്പിൽ സി.പി.എം നേതാവിന്‍റെ ബന്ധുവിന് അനധികൃത നിയമനം നൽകിയതിന്‍റെ രേഖകൾ പുറത്തുവിട്ട് യൂത്ത് ലീഗ്. കോടിയേരി ബാലകൃഷ്ണന്‍റെ നിർദ്ദേശ പ്രകാരം സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രനാണ് ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ടെക്‌നിക്കൽ മാനേജർ തസ്തികയിൽ ജലീൽ നിയമനം നൽകിയത്. പുതിയ തസ്തിക സൃഷ്ടിച്ച് 1 ലക്ഷം രൂപ ശമ്പളത്തിൽ 5 വർഷത്തെ വഴിവിട്ട കരാർ നിയമനമാണ് നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ.ടി ജലീൽ കോടിയേരി ബാലകൃഷ്ണനെ ബ്ലാക് മെയിൽ ചെയ്തിരുന്നതെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് പറഞ്ഞു.

മന്ത്രി കെ.ടി ജലീൽ നടത്തിയ അനധികൃത ബന്ധു നിയമനത്തിന്‍റെ രേഖകളും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കെടി ജലീൽ ബ്ലാക്‌മെയിൽ ചെയ്യുന്നു എന്നത് സ്ഥിരീകരിക്കുന്ന തെളിവുകളും, യൂത്ത് ലീഗ് പുറത്തുവിട്ടു. കെ.ടി ജലീൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ സി.പി.എം മുൻ എം.എൽ.എയും നേതാവുമായ കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദര പുത്രൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചത് അനധികൃതമായിട്ടാണ്. 2017 ആഗസ്റ്റിലായിരുന്നു നിയമനം. പുതിയ തസ്തിക സൃഷ്ടിച്ച് മാസം 1 ലക്ഷം രൂപ ശമ്പളത്തിൽ 5 വർഷത്തേക്കാണ് നിയമനം നൽകിയത്. കരാർ നിയമനം 1 വർഷം മാത്രമായിരിക്കെ 5 വർഷത്തേക്കുള്ള നീലകണ്ഠന്‍റെ കരാർ നിയമനവും ചട്ടവിരുദ്ധമാണ്.

മാത്രമല്ല, മറ്റ് ജീവനക്കാർക്ക് 2 ശതമാനം വാർഷിക ഇൻക്രിമെന്‍റ് നൽകുമ്പോൾ ഡെപ്യൂട്ടി ഡയറക്ടർക്ക് 10 ശതമാനമാണ് വാർഷിക ഇൻക്രിമെന്‍റ്. ഇതുകൂടാതെ ആദ്യ ഇന്‍റർവ്യൂവിൽ പങ്കെടുക്കാത്തതിനാൽ രണ്ടാമത് ഇന്‍‌റർവ്യൂ നടത്തിയായിരുന്നു ഡി.എസ് നീലകണ്ഠന്‍റെ നിയമനം. ഇതിനുപുറമെ, ഇന്‍റർവ്യൂവിൽ നീലകണ്ഠന് കൂടുതൽ മാർക്ക് നൽകി ഒന്നാം റാങ്കുകാരനായിരുന്ന സന്തോഷ് എന്നയാളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഉന്നത തസ്തികയിൽ സി.പി.എം നേതാവിന്‍റെ ബന്ധുവിനെ മന്ത്രി കെ.ടി ജലീൽ നിയമിച്ചതെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധുവിനെ ഉന്നത പദവിയിൽ നിയമിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രി കെ.ടി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലാക് മെയിൽ ചെയ്താണ് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും പി.കെ ഫിറോസ് ആരോപിച്ചു. യൂത്ത്‌ലീഗ് രേഖകൾ സഹിതം പുറത്തുവിട്ട സി.പി.എം നേതാവിന്‍റെ ബന്ധുനിയമനത്തിൽ ഇനി മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി ജലീലിന്‍റെയും പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ.