ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് കൈമാറി ; വിജ്ഞാപനം കൂടാതെ ബന്ധുവിൻ്റെ അപേക്ഷ നേരിട്ട് വാങ്ങിയെന്ന് വിധിയിൽ പരാമർശം

Jaihind Webdesk
Monday, April 12, 2021

 

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിനു കൈമാറി. കണ്ടെത്തലുകളും തെളിവുകളുടെ പകര്‍പ്പും കൈമാറി. ബന്ധുനിയമനത്തില്‍ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മന്ത്രി കെ.ടി ജലീൽ വിജ്ഞാപനം കൂടാതെ ബന്ധുവിൻ്റെ അപേക്ഷ നേരിട്ട് വാങ്ങിയെന്ന് ലോകായുക്ത വിധിയിൽ പരാമർശം. പ്രൈവറ്റ് ബാങ്ക് ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ പാടില്ല എന്ന സെക്രട്ടറിതല നോട്ട് അവഗണിച്ചാണ് മന്ത്രിയുടെ നിയമന ഉത്തരവ്.

മന്ത്രി കെ.ടി ജലീൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും കാട്ടിയതിന് വ്യക്തമായ തെളിവുണ്ടെന്നും , ജനറൽ മാനേജരുടെ നിയമന അധികാരിയായ പിന്നോക്ക വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ടർ ബോർഡിന്‍റെ തീരുമാനം കൂടാതെ ഏകപക്ഷീയമായി മന്ത്രി ബന്ധുവിനെ നിയമിക്കുകയായിരുന്നുവെന്നും ലോകായുക്ത പുറത്തിറക്കിയ വിധി ന്യായത്തിൽ പറയുന്നു. വിജ്ഞാപനം കൂടാതെ ബന്ധുവിന്‍റെ അപേക്ഷ നേരിട്ട് വാങ്ങിയതും അപേക്ഷ വാങ്ങിയശേഷം പിന്നീട് സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ എന്‍ഒസി വാങ്ങിയതും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രൈവറ്റ് ബാങ്ക് ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാരിൻ്റെ ഭാഗമായി നിയമിക്കാൻ പാടില്ല എന്ന സെക്രട്ടറിതല നോട്ട് അവഗണിച്ചു കൊണ്ടാണ് മന്ത്രി ഉത്തരവിട്ടത്. മുൻപ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനെ ഈ തസ്തികയിൽ നിയമിച്ചത് ഡയറക്ടർ ബോർഡ് ആണെന്നും ഇവിടെ ഡയറക്ടർ ബോർഡിന്‍റെ ഇടപെടൽ നിയമനത്തിൽ ഇല്ലായിരുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമിക്കപ്പെടുന്ന ആൾ തൽസ്ഥാനത്ത് നിന്ന് രാജിവെക്കുന്നതു കൊണ്ട് ക്രമക്കേട് ഇല്ലാതാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബന്ധുവിന് അനുയോജ്യമായ പുതിയ യോഗ്യത മന്ത്രിസഭയുടെ അംഗീകാരം കൂടാതെ മന്ത്രി മുൻകൈയ്യെടുത്ത് അംഗീകരിച്ചത് അധികാരദുർവിനിയോഗമാണ്.

മന്ത്രിയുടെ ബന്ധുവിന്റെ അപേക്ഷ കോർപ്പറേഷൻ എം.ഡി സർക്കാരിന് നേരിട്ട് കൈമാറുകയായിരുന്നു. പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്ന് വാദത്തിന് പ്രസക്തിയില്ല. സമാനമായ ഒരു ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തുവെങ്കിലും അതിൽ ഹൈക്കോടതി യാതൊരു നിരീക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രൂക്ഷവിമർശനങ്ങളോടെയാണ് മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടത്. മന്ത്രിയെ പിന്തുണച്ച് സിപിഎമ്മും സർക്കാരും രംഗത്തെത്തിയെങ്കിലും കെ ടി ജലീലിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്.