കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് തേര്‍വാഴ്ച്ച: വനിതകളുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുനേരെ പോലീസ് അതിക്രമം

Jaihind Webdesk
Tuesday, July 16, 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ വധശ്രമം അന്വേഷിക്കുന്ന എസ്.ഐയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍ ഉപരോധ സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തര്‍ക്കുനേരെ പോലീസിന്റെ നരനായാട്ട്. പെണ്‍കുട്ടികള്‍ അടക്കമുള്ള നിരവധിപ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. സ്‌നേഹയെ പുരുഷ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
എസ്.എഫ്.ഐ കത്തിക്കുത്ത് കേസില്‍ ഒന്നാംപ്രതിയുടെ വീട് റെയ്ഡ് നടത്തുകയും സര്‍വ്വകലാശാല ഉത്തരക്കടലാസുകളും വ്യാജ സീലും പിടിച്ചെടുത്ത എസ്.ഐ ആര്‍.ബിജുവിനെയാണ് സ്ഥലം മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെയാണ് പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.

പാര്‍ട്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് എസ് ഐക്ക് നിര്‍ദ്ദേശം നല്‍കിയത് ലംഘിച്ചതുകൊണ്ടാണ് എസ്.ഐയെ സ്ഥലംമാറ്റയതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനുള്ള കഴിവ് മുഖ്യമന്ത്രിക്കില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.