വിദൂര വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കുന്നതിനെതിരെ കെ.എസ്.യു സർവ്വകലാശാല ആസ്ഥാനം ഉപരോധിച്ചു

Jaihind News Bureau
Monday, October 19, 2020

കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ വിദൂര വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതിലുള്ള സർവ്വകലാശാല വീഴ്ചയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താവക്കരയിൽ പ്രവർത്തിക്കുന്ന സർവ്വകലാശാല ആസ്ഥാനം ഉപരോധിച്ചു.

ഓപ്പൺ യൂണിവേഴ്സിറ്റിക്ക് വേണ്ടി സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെ മറയാക്കി സർവ്വകലാശാല അധികൃതർ വിദൂര വിദ്യാഭ്യാസ പ്രവേശനം അട്ടിമറിക്കുകയാണെന്നും ഓർഡിനൻസിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും മുൻ വർഷത്തേതിന് സമാനമായ രീതിയിൽ മാനദണ്ഡങ്ങളിൽ ഇളവുതേടി യു.ജി.സിയെ സമീപിക്കാത്ത സർവ്വകലാശാല വൈസ് ചാൻസിലറുടെയും സിൻഡിക്കേറ്റിൻ്റേയും നടപടി വിദ്യാർത്ഥി വഞ്ചനയാണെന്നും ആരോപിച്ചായിരുന്നു കെ.എസ്.യു ഉപരോധം.

ഉപരോധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി മുഹമദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി താൽപര്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ മികച്ച മാർക്ക് ലഭിച്ചിട്ടും അനുയോജ്യമായ ഉപരി പഠനം നടത്താൻ സാധിക്കാതെ വലയുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് സർവ്വകലാശാല അധികൃതരുടെ പിടിപ്പുകേടും ദുർവാശിയും മൂലം നഷ്ടപെടുന്നതെന്ന് കെ.സി മുഹമദ് ഫൈസൽ കുറ്റപെടുത്തി.

കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി, നവനീത് നാരായണൻ, അൻസിൽ വാഴപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം സമരത്തിന് നൽകി.