‘ദേശാഭിമാനി പ്രസ്താവന വളച്ചൊടിച്ചു’ : വ്യാജ വാർത്തക്കെതിരെ കെഎസ് യു യൂണിറ്റ് പ്രസിഡന്‍റ്

ദേശാഭിമാനി പത്രത്തില്‍ വന്ന വ്യാജ വാർത്തക്കെതിരെ ഇടുക്കി എന്‍ജിനീയറിംഗ് കോളേജ് കെഎസ് യു യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് ആഷിഖ്. എസ്എഫ്ഐ പ്രവർത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തിന് ശേഷം കോളേജ് തുറക്കുന്നതിന് മുന്നോടിയായി ഇടുക്കി ജില്ലാ കളക്ടറേറ്റിൽ വിളിച്ചുചേർത്ത സര്‍വകക്ഷിയോഗത്തിലെ തന്‍റെ പ്രസ്താവനയെ ദേശാഭിമാനി വളച്ചൊടിച്ചെന്ന് ആഷിഖ് പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന്‍റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും കോളേജ് പ്രിന്‍സിപ്പലുമടക്കം സന്നിഹിതരായിരുന്നു.  കോളേജിന്‍റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള യാതൊരുവിധ സംഭവങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന പ്രസ്താവനയെയാണ് ഞാൻ പാർട്ടി വിട്ടു എന്നും കെ.എസ്.യുവിലേക്കില്ലെന്നുമുള്ള തരത്തില്‍  വ്യാജ വാർത്ത  ദേശാഭിമാനി പ്രസിദ്ധീകരിച്ചതെന്ന് ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

സുഹൃത്തുക്കളെ,

കോളേജ് തുറക്കുന്നതിന് മുന്നോടിയായി, ഇടുക്കി ജില്ലാ കളക്ടറേറ്റിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ഇന്നലെ വിളിച്ചുചേർത്ത സവ്വകക്ഷിയോഗത്തിൽ കെ.എസ്.യുവിനെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുക്കുകയുണ്ടായി. യോഗത്തിൽ ജില്ലാ കലക്ടറും, ജില്ലാ പോലീസ് മേധാവിയും, കോളേജ് പ്രിൻസിപ്പാളും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാൽ എൻ്റെ നിലപാടുമായി ബന്ധപ്പെട്ട് ഇന്ന് ദേശാഭിമാനി പത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്.
യോഗത്തിലെ എന്‍റെ പ്രസ്താവന ഇപ്രകാരമാണ്.

“ധീരജേട്ടൻ ഞങ്ങളുടെയും സഹപാഠിയായിരുന്നു.. അദ്ദേഹത്തിന്‍റെ മരണത്തിൽ ഞങ്ങൾക്കും വളരെയധികം ദുഃഖമുണ്ട്. കോളജിൽ വരുന്നതുമായി ബന്ധപ്പെട്ട് എന്‍റെ സഹപ്രവർത്തകരും എന്നോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ഒരു അവസ്ഥയിൽ, എങ്ങനെ യൂണിറ്റിന്‍റെ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നുള്ള ആശങ്കയിലാണ് ഞങ്ങൾ. ഇവിടെ സമാധാനമായി പഠിക്കുവാനുള്ള അന്തരീക്ഷം ആവശ്യമാണ്. അതുകൊണ്ട് കോളേജിന്‍റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള യാതൊരുവിധ സംഭവങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് അറിയിക്കുന്നു..”

എന്‍റെ ഈ പ്രസ്താവനയെ വളച്ചൊടിച്ചാണ്, ഞാൻ പാർട്ടി വിട്ടു എന്നും കെ.എസ്.യു വിലേക്കില്ല എന്നും തരത്തിലുമുള്ള വാർത്തകൾ പ്രചരിക്കുന്നത്. എൻ്റെ അറിവോടെയൊ സമ്മതത്തോടെയൊ കൂടെയല്ല ഈ വാർത്ത വന്നതും പ്രചരിക്കുന്നതും. അതുകൊണ്ട് ഇതുപോലുള്ള വ്യാജ വാർത്തകളെ ശക്തമായി എതിർക്കുന്നു. ഞാൻ അന്നും ഇന്നും കെ.എസ്.യുക്കാരൻ തന്നെയാണ്..

മുഹമ്മദ് ആഷിഖ്,
പ്രസിഡന്‍റ്, KSU
ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇടുക്കി.

Comments (0)
Add Comment