‘ലോ ഫ്ലോർ ബസുകൾ ക്ലാസ് റൂം ആക്കാൻ നടക്കുന്നവർ കാലിക്കറ്റ് സർവകലാശാലയെ കട്ടപ്പുറത്ത് കയറ്റരുത്’; കെഎസ്‌യു

Jaihind Webdesk
Friday, May 20, 2022

എസ്‌എഫ്ഐ, സിപിഎം നേതാക്കളുടെ താത്പര്യത്തിന് വഴങ്ങി അക്കാദമിക്ക് നിലവാരത്തെ തകർക്കുന്ന കാലിക്കറ്റ് സർവകലാശാല നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു. രൂക്ഷമായ കൊവിഡ് കാലത്ത് പോലും പരീക്ഷ മാറ്റി വെക്കാന്‍ തയാറാകാതിരുന്ന കാലിക്കറ്റ് സർവകലാശാല എസ്എഫ്ഐ സമ്മേളനത്തിന് ഒത്താശ ചെയ്യുകയാണെന്ന് കെഎസ്‌യു ആരോപിച്ചു. കാലിക്കറ്റ് സർവകലാശാലയെ പാർട്ടി ഓഫീസാക്കരുതെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർക്ക്  കത്ത് നല്‍കി.

ചോദ്യപേപ്പർ സംബന്ധിച്ച പ്രശ്നങ്ങള്‍ പറഞ്ഞാണ് പരീക്ഷ മാറ്റിവെക്കുന്നതായി അധികാരികള്‍ സർക്കുലർ ഇറക്കിയത്. എസ്എഫ്ഐ സമ്മേളനം പ്രമാണിച്ചാണ് ഈ മാസം 23ന് നടക്കാനിരിക്കുന്ന പി.ജി ഒന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചിരിക്കുന്നതെന്ന് കെഎസ്‌യു ആരോപിച്ചു.  എസ്‌എഫ്ഐ സമ്മേളനം നടക്കുന്നതിനാൽ പരീക്ഷ മാറ്റി വെക്കും എന്ന് വിദ്യാർത്ഥികൾക്ക് ഇടയിൽ പ്രചരണം നടത്തിയ ശേഷം ചോദ്യ പേപ്പർ സംബന്ധിച്ച പ്രശ്നങ്ങൾ പറഞ്ഞ് ആണ് സർവകലാശാല അധികാരികൾ പരീക്ഷ മാറ്റിവെച്ച് സർക്കുലർ ഇറക്കിയിരിക്കുന്നത്.അധികാരികളുടെ വികലമായ നയങ്ങൾ കൊണ്ട് നിരന്തരമായ വിമർശനങ്ങൾക്ക് വേദി ആവുകയാണ് കാലിക്കറ്റ്‌ സർവകലാശാല എന്ന് കെഎസ്‌യു ചൂണ്ടിക്കാട്ടി. പരീക്ഷ നടത്തിപ്പിലും റിസൾട്ട് പ്രഖ്യാപനത്തിലും തുടങ്ങി സാമ്പത്തിക ക്രമകേടുകളും സംവരണ അട്ടിമറികളും നിയമനങ്ങളിലെ വിവാദങ്ങളും അടക്കം നിരവധിയായ അഴിമതിയും സ്വജനപക്ഷപാതവും സർവകലാശാലയ്ക്കെതിരെ ഉയരുന്നുണ്ട്.

അധികാരികളുടെ നിലപാടുകളിൽ കെഎസ്‌യു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറി കത്തയച്ചു.  ലോ ഫ്ലോർ ബസുകൾ ക്ലാസ് റൂം ആക്കാൻ ഓടി നടക്കുന്നവർ കാലിക്കറ്റ് സർവകലാശാലയെ കട്ടപ്പുറത്ത് കയറ്റി പാർട്ടി ഓഫീസ് ആക്കാൻ ശ്രമിക്കരുതെന്നും കത്തിൽ അവശ്യപ്പെട്ടു.