ശില്‍പയാണ് താരം… സ്വീകരണം നല്‍കി യുഡിഎഫ് എംഎല്‍എമാര്‍

കെ.എസ്.യുവിന്‍റെ പോരാളി ശിൽപയ്ക്ക് യുഡിഎഫ് എംഎൽഎമാര്‍ സ്വീകരണം നൽകി. പിണറായി സർക്കാരിന്‍റെ നെറികേടുകൾക്കെതിരെ യുഡിഎഫ് എംഎൽഎ മാരുടെ നേതൃത്വത്തിൽ ധർണ നടത്തുന്ന സമരപന്തലിലായിരുന്നു കെ.എസ്.യു സംസ്ഥാന സെക്രട്ടറി സി.ശില്‍പയ്ക്ക് സ്വീകരണം നല്‍കിയത്.

ശിൽപ്പയും നാല് ആൺകുട്ടികളുമടങ്ങുന്ന കെഎസ്‌യു സംഘമാണ് പ്രതിഷേധമറിയിച്ച് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനുള്ളിലെത്തിയത്. യൂണിവേഴ്സിറ്റി കോളജിലെ കൊലപാതക ശ്രമത്തിലും ഉത്തരക്കടലാസ് ചോര്‍ച്ചയിലും കെ.എസ്.യുവിന്‍റെ രൂക്ഷമായ പ്രതിഷേധം സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിക്കാനായിരുന്നു ഇവരുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ളോക്കിന്‍റെ കവാടത്തിലെത്തി ശിൽപ പ്രതിഷേധിച്ചു. അതീവസുരക്ഷയുടെ മതില്‍ ചാടിക്കടന്നാണ് സംഘം സെക്രട്ടേറിയറ്റിനുള്ളിലെത്തിയത്.

മന്ത്രിസഭായോഗം നടക്കുന്നതിനാലും പുറത്ത് യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിലെ സമരം ചൂടുപിടിക്കുന്നതിനാലും സെക്രട്ടേറിയറ്റിനുള്ളില്‍ വന്‍പൊലീസ് സന്നാഹമായിരുന്നു. ഇത് മറികടന്നാണ് ദര്‍ബാര്‍ഹാളിന് സമീപത്തുകൂടി തങ്ങളുടെ സംഘടനയുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ കാതുകളിലേയ്ക്ക് നേരിട്ടെത്തിക്കാന്‍ ശില്‍പയും സംഘവും മുഖ്യമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിലേയ്ക്ക് എത്തിയത്.

ആണ്‍കുട്ടികളെ പൊലീസ് തടഞ്ഞെങ്കിലും ശില്‍പ മുഖ്യമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്‍റെ പ്രധാന കവാടത്തിലേക്ക് പാഞ്ഞടുത്തു. പൊലീസ് നോക്കിനില്‍ക്കെ ശില്‍പ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും മുദ്രാവാക്യം വിളിച്ചും കവാടത്തിന് മുന്നില്‍ നിലയുറപ്പിച്ചു.

തൃശൂര്‍ അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പർ ആണ് അഭിഭാഷക കൂടിയായ ശിൽപ.

വന്‍ പൊലീസ് സന്നാഹമുണ്ടായിട്ടും പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കെത്തിയത് വന്‍സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

KSUShilpa
Comments (0)
Add Comment