കോഴിക്കോട് : ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ ഒരാളുടെയും ഒരു സാക്ഷ്യപത്രവും ഹാജരാക്കില്ലെന്ന പ്രഖ്യാപനവുമായി കോഴിക്കോട് കെ.എസ്.യുവിന്‍റെ വൻ വിദ്യാർത്ഥി റാലി. നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലിയും പൊതുസമ്മേളനവും പൗരത്വ നിയമത്തിനെതിരെയുള്ള കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്‍റെ താക്കീതായി മാറി.
കോഴിക്കോട് നഗരം ഒരു നീലസാഗരമായി മാറുകയായിരുന്നു. കൊടി അടയാളം എന്ന് പേരിട്ട പ്രതിഷേധ സംഗമത്തിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികൾ ഒഴുകിയെത്തി. മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ആരംഭിച്ച ഭരണഘടനാ സംരക്ഷണ റാലി മുതലക്കുളം മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ജാലിയൻ വാലാബാഗിന് സമാനമായ രീതിയിലാണ് പൗരത്വ പ്രതിഷേധങ്ങളെ നരേന്ദ്ര മോദി നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി വിരുദ്ധ നടപടികളിൽ മോദി-പിണറായി സർക്കാരുകൾ തമ്മിൽ വ്യത്യാസമില്ലെന്ന് പ്രതിഷേധ സംഗമത്തിൽ സംസാരിച്ച എൻ.എസ്.യു പ്രസിഡന്‍റ് നീരജ് കുന്ദൻ പറഞ്ഞു. കവിതയുടെ മൂർച്ച കൊണ്ടാണ് യു.പിയിൽ നിന്നുള്ള നേതാവ് ഇമ്രാൻ പ്രതാപ് ഗാർഹിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥും സമരത്തിന് ഊർജം പകർന്നത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് അധ്യക്ഷനായിരുന്നു. രമ്യ ഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, നേതാക്കളായ ടി സിദ്ദിഖ്, എൻ സുബ്രഹ്മണ്യൻ, കെ പ്രവീൺ കുമാർ, പി.എം നിയാസ്, ജ്യോതികുമാർ ചാമക്കാല, വി.എസ് ജോയി തുടങ്ങിയവരും സംസാരിച്ചു.