കേരളവർമ്മയിലെ തിരഞ്ഞെടുപ്പ് അട്ടിമറി; ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു; പോലീസ് നടപടിയില്‍ നിരവധി പേർക്ക് പരിക്ക്

 

തിരുവനന്തപുരം: കേരളവർമ്മ കോളേജിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു. മന്ത്രിയുടെ വസതിയിലേക്ക് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധിച്ചവരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു.

ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് മന്ത്രിയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു. തുടർന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദുകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. ഇതോടെ പോലീസ് പ്രവർത്തകർക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടയിലാണ് പൊടുന്നനെ പിന്നിൽ നിന്ന പോലീസുകാരൻ കെഎസ്‌യു സംസ്ഥാന നിർവാഹകസമിതി അംഗം നസിയയുടെ തലയ്ക്ക് ലാത്തികൊണ്ട് ആഞ്ഞടിച്ചത്.

സാരമായി പരിക്കേറ്റ നസിയ രക്തത്തിൽ കുളിച്ച് തളർന്നുവീണു. പിന്നീട് നസിയയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ അഭിജിത്ത് എന്ന പ്രവർത്തകനെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. അഭിജിത്തിനും മുഖത്തും തലയ്ക്കും പരിക്കേറ്റു. മറ്റ് നിരവധി പ്രവർത്തകർക്കും പോലീസ് നടപടിയിൽ പരിക്കേറ്റു. ഇതോടെ പ്രവർത്തകർ പ്രതിഷേധ പ്രകടനമായി പാളയത്തേക്ക് നീങ്ങി. പാളയത്ത് പ്രവർത്തകർ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റ് ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഗോപു നെയ്യാറിനേയും പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. ഇത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പ്രതിഷേധം കൂടുതൽ ശക്തമാക്കിയ പ്രവർത്തകർ ബേക്കറി ജംഗ്ഷന് സമീപം പ്രതിഷേധം ഉയർത്തി. ഇവിടെയും പോലീസ് പ്രവർത്തകർക്ക് നേരെ ബലപ്രയോഗം നടത്തി. നന്ദാവനം എആർ ക്യാമ്പ് പരിസരത്തും കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. ഇവിടെയും പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നേരിട്ടു. പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Comments (0)
Add Comment