സിദ്ധാർത്ഥന്‍റെ മരണം; കെ.എസ്.യു സെക്രട്ടറിയേറ്റ് മാർച്ചില്‍ സംഘർഷം, നിരവധി പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം . പ്രവർത്തകർക്ക് നേരെ ലാത്തിചാർജ്ജും ബലപ്രയോഗവും നടത്തിയ പോലീസ് നിരവധി തവണ ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

സംസ്ഥാന വ്യാപകമായി കെഎസ്‌യു നടത്തിയ വിദ്യാഭ്യാസ ബന്ദിന്‍റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. പൂക്കോട് കൊലപാതകത്തിലും കഴിഞ്ഞ ദിവസത്തെ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ചായിരുന്നു കെ.എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. പോലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.

പ്രവർത്തകരെ പിരിച്ചുവിടുവാൻ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപീരങ്കി പ്രയോഗത്തിൽ തെറിച്ചു വീണ നിരവധി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് നിരവധി തവണ ബലപ്രയോഗവും നടത്തി. പോലീസ് ബലപ്രയോഗം തുടരുമ്പോഴും ശക്തമായ പ്രതിഷേധവുമായി പ്രവർത്തകർ ചെറുത്തു നിന്നു. പിന്നീട് മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെയും പോലീസിനെയും പിൻതിരിപ്പിച്ചു. പൂക്കോട് കൊലപാതകത്തിലെ വിദ്യാർത്ഥി രോഷം അലയടിപ്പിച്ച് ഒരു മണിക്കൂറിലേറെ നേരം ശക്തമായ പ്രതിഷേധമാണ് ഭരണസിരാകേന്ദ്രത്തിനു മുന്നിൽ കെ എസ് യു ഉയർത്തിയത്.

Comments (0)
Add Comment