കോവിഡ് ജാഗ്രതാനിർദേശം ലംഘിച്ച് പ്രിൻസിപ്പൾമാരുടെ യോഗം; കണ്ണൂര്‍ സർവകലാശാലയില്‍ കെ.എസ്.യു പ്രതിഷേധം

 

കണ്ണൂര്‍:  കോവിഡ് 19 ജാഗ്രത നിലനിൽക്കുന്നതിനിടെ സർക്കാർ മാർഗനിർദേശം ലംഘിച്ച് കണ്ണൂർ സർവകലാശാലയിൽ നടന്ന പ്രിൻസിപ്പൾമാരുടെ യോഗത്തിനെതിരെ കെ.എസ്.യു പ്രതിഷേധം . സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുന്നതിനെതിരെയുള്ള മുൻ കരുതലി‍ന്‍റെ ഭാഗമായി കണ്ണൂർ സർവകലാശാലയിലും അനുബന്ധ കോളേജുകളിലും മാർച്ച് 31 വരെ ഒത്തുചേരലുകളും സെമിനാറുകൾ, വർക്ക്ഷോപ്പുകൾ സമ്മേളനങ്ങൾ മറ്റ് യോഗങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണെന്ന് കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു.

എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായാണ് പ്രിൻസിപ്പൽമാരുടെയും പരീക്ഷാ ബോർഡ് ചെയർമാൻമാരുടെയും, ഇന്‍റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്‍റേയും യോഗങ്ങൾ സർവ്വകലാശാല ആസ്ഥാനത്ത് ചേർന്നത്. കണ്ണൂർ, കാസർഗോഡ്, ജില്ലകളിലെയും, മാനന്തവാടി താലുക്കിലെ വിവിധ കോളേജുകളിലെയും പ്രിൻസിപ്പൾ ഉൾപ്പടെയുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. ചെറുശ്ശേരി ഹാളിലെ ശീതികരിച്ച മുറിയില്‍ യോഗം നടക്കുന്നത് അറിഞ്ഞ് മാധ്യമ പ്രവർത്തകർ എത്തിയതോടെ യോഗത്തിന് എത്തിയവരെ വളരെ രഹസ്യമായി ഹാളിലെ മറ്റൊരു വഴിയിലൂടെ പുറത്ത് വിടുകയായിരുന്നു. ഇതിനിടെ കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. കെ എസ് യു ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്, ഫർഹാൻ മുണ്ടേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ നിർദേശങ്ങൾ അവഗണിച്ച് കേരള സര്‍വകലാശാല ആസ്ഥാനത്ത് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്.  അന്‍പതിലധികം അധ്യാപകരാണ്  മാസ്കോ സാനിറ്റൈസറോ ഇല്ലാതെ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്. കോവിഡ് 19 ന്‍റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സർവകലാശാലയുടെ അനാസ്ഥ .

Comments (0)
Add Comment