കാമ്പസുകളിലെ എസ്.എഫ്.ഐ ഭീകരതക്കെതിരെ നടപടി വേണം: കെ.എസ്.യു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് പഠനം നഷ്ടപ്പെടുന്നതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെത്തുടര്‍ന്ന് കലാലയങ്ങളിലെ ഇടത് വിദ്യാര്‍ത്ഥി ഭീകരതക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു.

ചില കലാലയങ്ങളെ എസ്.എഫ്.ഐ കുത്തകയായി മാത്രം പിടിച്ചുവെയ്ക്കുകയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പാര്‍ട്ടി പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുന്നത് കാടത്തമാണ്. സ്വതന്ത്രമായ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പസുകളില്‍ സാഹചര്യം ഒരുക്കണം. കലാലയങ്ങളില്‍ എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്ന കായികാക്രമണ ശൈലി പൂര്‍ണ്ണമായും ഉപേക്ഷിക്കണം.

ആത്മഹത്യ പ്രേരണയ്ക്ക് കാരണക്കാരായ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നീതിയുക്തമായ ഇടപെടല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും യു.ജി.സിക്കും അഭിജിത്ത് പരാതി നല്‍കുകയും ചെയ്തു.

KSUsfiCPIM
Comments (0)
Add Comment