വാനിലുയർന്ന് നീലപതാക; മിന്നും ജയം നേടി കെഎസ്‌യു

Jaihind Webdesk
Tuesday, March 15, 2022

 

എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്‍റെ സമഗ്രാധിപത്യം. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരായ വിദ്യാർത്ഥികളുടെ വിധിയെഴുത്തെന്ന് കെഎസ്‌യു.

എം.ജി യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ കെഎസ്‌യു മിന്നും വിജയം നേടി. തേവര സേക്രഡ് ഹാർട്ട്, ആലുവ യു.സി, കാലടി ശങ്കര കോളജ് എന്നിവടങ്ങളിൽ മുഴുവൻ സീറ്റും കെഎസ്‌യു നേടി. എറണാകുളം ലോ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ് ചെയർപേഴ്സൺ, മാഗസിൻ എഡിറ്റർ ഉൾപ്പെടെ നാല് ജനറൽ സീറ്റുകളുമായി കെഎസ്‌യു യൂണിയൻ തിരിച്ചു പിടിച്ചു. തേവര കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ മുഴവൻ സീറ്റിലും കെഎസ്‌യു വിജയിച്ച് എസ്എഫ്ഐയിൽ നിന്ന് യൂണിയൻ തിരിച്ചുപിടിച്ചു. കാലടി ശങ്കര കോളേജിൽ 14ൽ 13 സീറ്റുമായി യൂണിയൻ നിലനിർത്തി. ആലുവ യുസി കോളേജിൽ മുഴുവൻ പാനലും കെഎസ്‌യു നിലനിർത്തി. പുത്തൻകുരിശ് സെന്‍റ് തോമസ്, നിർമല കോളേജ് മുളന്തുരുത്തി, ജയ് ഭാരത് കോളേജ് പെരുമ്പാവൂർ എന്നിവിടങ്ങളിലും കെഎസ്‌യു യൂണിയൻ വിജയിച്ചു.

ചങ്ങനാശേരി എസ് ബി കോളേജ് 14ൽ 12 സീറ്റും നേടി കെഎസ്‌യു യൂണിയന്‍ തിരിച്ചുപിടിച്ചു.  പാമ്പാടി കെജി കോളേജിൽ 14ൽ 9 സീറ്റുകളോടെ യൂണിയന്‍ നേടി. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലും വിവിധ സീറ്റുകളിൽ കെഎസ്‌യു ജയിച്ചു. 20 വർഷങ്ങള്‍ക്ക് ശേഷം വൈക്കം സെന്‍റ് സേവ്യേഴ്‌സ് കോളേജിൽ ആർട്‌സ് ക്ലബ്ബ് സെക്രട്ടറി ഉൾപ്പെടെ 4 സീറ്റുകളിൽ കെഎസ്‌യു വിജയിച്ചത് പോരാട്ടവഴിയിലെ നാഴികക്കല്ലായി. ബസേലിയസ് കോളേജിൽ പി.ജി റെപ്പ് വിജയിച്ചു. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ചില കോളേജുകളിലെ തെരഞ്ഞെടുപ്പ് കെഎസ്‌യു ബഹിഷ്കരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജിൽ സംഘർഷമുണ്ടായിട്ടും  പ്രിൻസിപ്പൽ നടപടി എടുക്കുകയോ കോളേജിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

ഇടുക്കി ജില്ലയിലെ കട്ടപ്പന ഐഎച്ച്ആർഡി കോളേജിലും കട്ടപ്പന ജെ പി എം കോളേജിലും കെഎസ്‌യു യൂണിയൻ നേടി. മാർസ്ലീവ കോളേജിൽ ജനറൽ സെക്രട്ടറി , മാഗസിൻ എഡിറ്റർ, ലേഡി റെപ്പ്, സ്പോർട്ട്‌സ് സെക്രട്ടറി, തേർഡ് ഇയർ റെപ്പ്, സെക്കന്‍റ് ഇയർ റെപ്പ് എന്നീ സീറ്റുകളിൽ കെഎസ്‌യു വിജയം സ്വന്തമാക്കി. മുരിക്കാശേരി പാവനാത്മ കോളേജിലും വ്യക്തമായ ഭൂരിപക്ഷത്തോടെ കെഎസ്‌യു വൻ വിജയം നേടി. ഇവിടെ അജു റോബർട്ട് ചെയർമാനായി വിജയിച്ചു. പ്രതിസന്ധികളുടെ കാലത്ത് കെഎസ്‌യു മുന്നോട്ട് വെക്കുന്ന പ്രത്യാശയുടെ രാഷ്ട്രീയത്തിന്‍റെ വിജയമായാണ് എംജി സർവകലാശാലയിലെ കോളേജ് യൂണിയനുകളിൽ കെഎസ്‌യു നേടിയ വിജയം വിലയിരുത്തപ്പെടുന്നത്.