കെഎസ്‌യു നിയമസഭാ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം; ലാത്തിച്ചാര്‍ജില്‍ അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്ക്

 

തിരുവനന്തപുരം: കെഎസ്‌യുവിന്‍റെ നിയമസഭാ മാർച്ചിന് നേരെ പോലീസ് അതിക്രമം. പോലീസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി. ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് ഗുരുതര പരുക്ക്. ലാത്തിച്ചാർജിലും ഇരട്ട ജലപീരങ്കി പ്രയോഗത്തിലും നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു.

പ്ലസ് വണ്‍ പ്രവേശനമുൾപ്പെടെ നിരന്തരം വിദ്യാർത്ഥികളുടെ നീതി നിഷേധിക്കുന്ന സർക്കാരിന്‍റെ കണ്ണുതുറപ്പിക്കുവാൻ അവകാശ പത്രികാ സമർപ്പണത്തിനാണ് കെഎസ്‌യു നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിനിന്ന് പ്രതിഷേധിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗം ആരംഭിച്ചു. പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് രണ്ട് തവണ ജലപീരങ്കികൾ ഉപയോഗിച്ച് തുടരെത്തുടരെ പ്രവർത്തകരെ നേരിട്ടു.

പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. ഇതിനിടയിൽ പാളയത്തെ റോഡിലേക്ക് നീങ്ങിയ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസ് ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് സാരമായി പരുക്കേറ്റു. സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധം ശക്തമാക്കുവാനാണ് കെഎസ്‌യു തീരുമാനിച്ചിരിക്കുന്നത്.

Comments (0)
Add Comment