മലപ്പുറം : മൂല്യനിർണ്ണയത്തിലെ അപാകതകൾ മൂലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾ ബലിയാടാകുന്നുവെന്ന് കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി. അടുത്തിടെ പുറത്തുവന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷാ ഫലം വിദ്യാർത്ഥികളെയും അധ്യാപകരെയും തീർത്തും നിരാശപ്പെടുത്തുന്നതാണെന്നും പല വിദ്യാർത്ഥികളും മറ്റ് പേപ്പറുകളിൽ നല്ല മാർക്കുകള്‍ നേടിയിട്ടും ഒരു പേപ്പറിൽ മാത്രം പരാജയപ്പെടുകയാണെന്നും കെ.എസ്.യു പരാതിയില്‍ ചൂണ്ടിക്കാട്ടി.
വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ്, കുന്നംകുളം വിവേകാനന്ദ കോളേജ്, സേക്രട്ട്ഹാർട്ട് കോളേജ് ചാലക്കുടി, സഹൃദയ കോളേജ് കൊടകര തുടങ്ങിയവയിലെ വിദ്യാർത്ഥികൾ ഇന്ത്യൻ ലിറ്ററേച്ചർ ഇൻ ഇംഗ്ലീഷ് പേപ്പറിലും, മറ്റിടങ്ങളിലെ വിദ്യാർത്ഥികൾ ബ്രിട്ടീഷ് ലിറ്ററേച്ചർ പേപ്പറിലും പരാജയപ്പെട്ടത് മൂല്യനിർണ്ണയത്തിലെ പിഴവ് കൊണ്ടാണ്.
ഓരോ വിദ്യാർത്ഥിയും വളരയധികം കഷ്ടപ്പെട്ട് പഠിച്ചാണ് പരീക്ഷ എഴുതുന്നത്. മൂല്യനിർണ്ണയത്തിലെ പിഴവ് മൂലം അവർക്ക് അർഹതപ്പെട്ട മാർക്ക് ലഭിക്കാതെ വർഷങ്ങൾ നഷ്ടപെടുന്ന സാഹചര്യങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും കെ.എസ്.യു അഭിപ്രായപെട്ടു. പരീക്ഷ മൂല്യനിർണയത്തിൽ വരുന്ന ശ്രദ്ധ കുറവിന്‍റെ പേരിൽ വിദ്യാർത്ഥികളെ ബലിയാടാകുന്ന നിലപാടിൽ നിന്നും യൂണിവേഴ്സിറ്റി പിന്മാറണം.
പ്രസ്തുത വിഷയത്തിൽ എത്രയും വേഗം ഗൗരവകരമായ അന്വേഷണം നടത്തുകയും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മാസത്തിനുള്ളിൽ പുനർമൂല്യനിർണ്ണയ ഫലം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് പരാതി നൽകി.