വിജയക്കൊടി പാറിച്ച് കെഎസ്‌യു; കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മിന്നും വിജയം

 

കണ്ണൂർ: സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമാർന്ന വിജയം. എസ്എഫ്ഐ കാലങ്ങളായി കയ്യടക്കി വച്ചിരുന്ന പാർട്ടി ഗ്രാമങ്ങളിലെ കോളേജുകളിലുൾപ്പെടെ വൻ തിരിച്ചുവരവാണ്  കെഎസ്‌യുവിനുണ്ടായത്. വർഷങ്ങൾക്കുശേഷം മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ മത്സരിച്ച 46 സീറ്റിൽ 31ലും വിജയിച്ച് ചരിത്ര മുന്നേറ്റമുണ്ടാക്കി.

ഇടത് പാർട്ടി ഗ്രാമമായ തിമിരിയിലെ ബിഎൽഎം കോളേജിൽ പതിനെട്ട് വർഷത്തിനുശേഷം ആദ്യമായി യൂണിറ്റ് രൂപീകരിച്ച് മത്സരിച്ചപ്പോൾ കോട്ട തകർത്ത് യൂണിയൻ ചെയർമാനിലൂടെ കെഎസ്‌യു മിന്നും വിജയം നേടി. ഇതോടൊപ്പം തന്നെ നിലവിൽ കെഎസ്‌യു യൂണിയൻ ഭരിക്കുന്ന മുഴുവൻ കോളേജുകളിലും ഭരണം നിലനിർത്തി. പ്രധാനപ്പെട്ട രണ്ട് കോളേജുകൾ എസ്എഫ്ഐയിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു.

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ്, മാടായി കോ-ഓപ്പറേറ്റീവ് കോളേജ്, ഇരിട്ടി എംജി കോളേജ്, ആലക്കോട് മേരി മാതാ കോളേജ്, പൈസക്കിരി ദേവമാതാ കോളേജ്, നവജ്യോതി കോളേജ് ചെറുപുഴ, ഡി പോൾ കോളേജ് എടത്തൊട്ടി എന്നിവിടങ്ങളിൽ യൂണിയൻ ഭരണം നിലനിർത്തിയപ്പോൾ പത്തുവർഷത്തിനു ശേഷം കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്‍റ് വനിതാ കോളേജും കഴിഞ്ഞവർഷം നഷ്ടപ്പെട്ട വിജയം അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജും എസ്എഫ്ഐയിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു.

Comments (0)
Add Comment