വൃക്കരോഗിയായ രണ്ടുവയസുകാരന് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈത്താങ്ങ് ; ചികിത്സാസഹായം കൈമാറി കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Friday, July 16, 2021

ആലപ്പുഴ :  ആലപ്പുഴയില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന് ചികിത്സാസഹായം എത്തിച്ചുനല്‍കി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച 2,81806 രൂപ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി കൈമാറി.

അസ്ലം-സുമയ്യ ദമ്പതികളുടെ മകനായ മുഹമ്മദ് സയാനാണ് വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയില്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മരുന്ന് അടിയന്തരമായി ലഭിക്കേണ്ടതുണ്ടായിരുന്നു.

‘മറ്റുള്ളവരുടെ ജീവിതത്തിൽ നല്ലൊരു മാറ്റം സൃഷ്‌ടിക്കാനായി ചെലവഴിക്കുമ്പോഴാണ് പണത്തിന്റെ മൂല്യം വർധിക്കുന്നത്. ഈ സദുദ്യമത്തിനായി പരിശ്രമിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. പ്രവർത്തനത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കിക്കൊണ്ട് കക്ഷി രാഷ്‌ട്രീയ ഭേദമന്യേ കൂടെ നിന്ന് പ്രവർത്തിച്ച, സഹായിച്ച സുമനസ്സുകൾക്ക് നന്ദി.
ഇത് ഏവർക്കും മാതൃകയാകട്ടെ. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെഎസ്‌യു പ്രവർത്തകർക്കും പ്രത്യേകം അഭിവാദ്യങ്ങൾ’- കെ.സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ആലപ്പുഴയിലെ അസ്‌ലം-സുമയ്യ ദമ്പതികളുടെ മകൻ രണ്ടുമാസം മാത്രം പ്രായമുള്ള മുഹമ്മദ് സയാന് വൃക്ക രോഗത്തെത്തുടർന്ന് ANAKINRA എന്ന മരുന്ന് ആവശ്യമാണെന്ന് അറിയിച്ചുകൊണ്ട് കുഞ്ഞിന്റെ ബന്ധുക്കൾ എന്നെ കോൺടാക്‌റ്റ് ചെയ്‌തത് ജൂൺ രണ്ടാം വാരത്തിലായിരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യയിൽ ദൗർലഭ്യം അനുഭവപ്പെടുന്ന ഈ മരുന്ന് അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്ന് ഡോക്‌ടർമാരിൽ നിന്ന് മനസ്സിലാക്കി. തുടർന്ന് യുഎഇ‌യിൽ നിന്ന് മരുന്നെത്തിക്കാൻ ഏർപ്പാടും ചെയ്‌തു. അന്ന് തൊട്ട് ഇന്നോളം ഈ കുരുന്ന് ഒരു വേദനയായിരുന്നു മനസ്സിന്.
കെഎസ്‌യു ആലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ഷഫീഖിന്റെ സഹോദരിയുടെ പുത്രൻ കൂടിയാണ് ഈ പിഞ്ചുകുഞ്ഞ്. മരുന്ന് ലഭിച്ചതിനെത്തുടർന്ന് ആരോഗ്യ നിലയിൽ പുരോഗതി കൈവരിച്ച് വെൻറിലേറ്ററിൽ നിന്നും മാറ്റിയെങ്കിലും ആശുപത്രിയിൽ തന്നെ തുടരേണ്ടി വന്നു. 17 ദിവസത്തെ വെന്റിലേറ്റർ ചിലവും 8 ദിവസത്തെ ഐ‌സിയു നിരക്കുമടക്കമുള്ള ചികിത്സാ ചെലവ് താങ്ങാനാകാതെ വിഷമിക്കുകയായിരുന്നു സ്‌റ്റേജ് ഡെക്കറേഷൻ തൊഴിലാളിയായിരുന്ന പിതാവും കുടുംബവും. ഇവർക്ക് താങ്ങായി ഈ തുക സമാഹരിക്കാൻ യൂത്ത്‌ കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയും കെഎസ്‌‌യു ആലപ്പുഴ ജില്ലാ കമ്മിറ്റിയും മുന്നോട്ട് വന്നു. അവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ നിന്ന് 281,806 രൂപ കുഞ്ഞിന്റെ ചികിത്സയ്ക്കായി ലഭിച്ചു. ഇന്ന് കുഞ്ഞിന്റെ രക്ഷിതാക്കൾക്ക് ഈ തുക കൈമാറാൻ സാധിച്ചു. തുടർന്നും എല്ലാ സഹായവും പിന്തുണയും ഉറപ്പ് നൽകിയിട്ടുമുണ്ട്.
മറ്റുള്ളവരുടെ ജീവിതത്തിൽ നല്ലൊരു മാറ്റം സൃഷ്‌ടിക്കാനായി ചെലവഴിക്കുമ്പോഴാണ് പണത്തിന്റെ മൂല്യം വർധിക്കുന്നത്. ഈ സദുദ്യമത്തിനായി പരിശ്രമിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. പ്രവർത്തനത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കിക്കൊണ്ട് കക്ഷി രാഷ്‌ട്രീയ ഭേദമന്യേ കൂടെ നിന്ന് പ്രവർത്തിച്ച, സഹായിച്ച സുമനസ്സുകൾക്ക് നന്ദി.
ഇത് ഏവർക്കും മാതൃകയാകട്ടെ. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെഎസ്‌യു പ്രവർത്തകർക്കും പ്രത്യേകം അഭിവാദ്യങ്ങൾ..
ഇപ്പോഴും മരുന്നുകളുടെ പിൻബലത്തിൽ ചികിത്സ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാനും ദീർഘായുസ്സിനും പ്രാർത്ഥിക്കുന്നു.