സംസ്ഥാനത്തെ സർവ്വകലാശാലകളിൽ പരീക്ഷാ നടത്തിപ്പ് കുത്തഴിഞ്ഞു; മന്ത്രി മറുപടി പറയണം : കെ.എസ്.യു

Jaihind Webdesk
Tuesday, April 26, 2022

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കേവലം നോക്കുകുത്തിയായി മാറിയെന്നും സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് ഉൾപ്പടെ കുത്തഴിഞ്ഞ നിലയിലാണെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് പി. മുഹമ്മദ്‌ ഷമ്മാസ്.
കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ വിവാദത്തിന് സമാനമായി കേരള സർവ്വകലാശാലയിലും കാലിക്കറ്റ്‌ സർവ്വകലാശാലയിലും പരീക്ഷാ നടത്തിപ്പിൽ വന്ന വീഴ്ചകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഷമ്മാസ് പറഞ്ഞു.

സർവ്വകലാശാലകളുടെ പ്രൊ ചാൻസലർ കൂടെയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് സർവ്വകലാശാലകളിലെ ഇത്തരം വീഴ്ചകളുടേയും ക്രമക്കേടുകളുടെയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും പരീക്ഷാ നടത്തിപ്പിൽ പോലും ജാഗ്രതയും ഗൗരവവും കാണിക്കാത്തവരെയാണ് പാർട്ടി താല്പര്യത്തിന്‍റെയും വ്യക്തി താല്പര്യതിന്‍റേയും അടിസ്ഥാനത്തിൽ മന്ത്രി തന്നെ ഇടപെട്ട് സർവ്വകലാശാലകളിൽ പ്രതിഷ്ടിക്കുന്നതെന്നും
തെറ്റുകളുടെ കൂടാരമായി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറുകയാണെന്നും മാർക്സിസ്റ്റ് അധിവേശമുണ്ടായാൽ ഓരോ സ്ഥാപനവും ഇങ്ങനെയാണ് തകർച്ച നേരിടുകയെന്നും തുടർച്ചയായി വീഴ്ചകൾ ആവർത്തിച്ചിട്ടും ഉത്തരവാദിത്തപെട്ട മന്ത്രിയുടെ ഭാഗത്ത്‌ നിന്നും ഒരു തരത്തിലുമുള്ള പ്രതികരണവുമില്ലാത്തത് അദ്‌ഭുതപ്പെടുത്തുന്നതായും മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.