നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ ഒഴിവാക്കണം: തമ്പാനൂര്‍ രവി

ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിതമായി ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ തമ്പാനൂര്‍ രവി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളപരിഷ്‌കാരങ്ങളോ ഡിഎയോ ലഭിക്കാത്താവരാണ് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍. 2012 ല്‍ നിശ്ചയിച്ച ശമ്പളമാണ് ഇവര്‍ ഇപ്പോഴും വാങ്ങുന്നത്. കാലാവധി കഴിഞ്ഞ് നാലുവാര്‍ഷം പിന്നിട്ടിട്ടും ശമ്പളപരിഷ്‌ക്കരമില്ലെന്ന് മാത്രമല്ല ആറു ഗഡു ഡി.എയും നല്‍കിയിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് വര്‍ഷമായി പ്രമോഷന്‍, മെഡിക്കല്‍ ആനുകൂല്യം ഉള്‍പ്പടെ എല്ലാ അലവന്‍സുകളും തടഞ്ഞുവച്ചു. പതിനായിരത്തോളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ശേഷം ആനുകൂല്യങ്ങള്‍ നല്‍കാതെ വളഞ്ഞവഴിയില്‍ക്കൂടി അവരെ കൊണ്ട് പണിയെടുപ്പിക്കുകയാണ്. പരിമിതമായ വരുമാനമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇതുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസമാണ്. ഇത്തരമൊരു അവസ്ഥയില്‍ ഇവരില്‍ നിന്നും നിര്‍ബന്ധിതമായി ശമ്പളം പിടിക്കുന്നത് തൊഴിലാളികളുടെ ജീവിതം സാഹചര്യം കൂടുതല്‍ പ്രതിസന്ധിയിലാക്കും. സര്‍വീസുകള്‍ റദ്ദാക്കിയതിന്‍റെ പേരില്‍ ജീവനകാര്‍ക്ക് ശമ്പളം നിഷേധിക്കുന്നത് ഇന്നത്തെ അവസ്ഥയില്‍ കൊടിയ ദ്രോഹമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

സാമ്പത്തിക നില മെച്ചപ്പെടുമ്പോള്‍ നിര്‍ബന്ധിതമായി പിടിച്ചെടുക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് പറയുന്നത് മറ്റൊരു തട്ടിപ്പാണ്. ജീവനക്കാരുടെ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന തുകമാത്രം പിടിക്കാന്‍ തയാറുകയാണ് സര്‍ക്കര്‍ ചെയ്യേണ്ടത്. ബംഗ്ലാദേശ് യുദ്ധ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സമാനരീതിയില്‍ ജീവനക്കാരില്‍ നിന്നും തുക നിക്ഷേപമായി സ്വീകരിക്കുകയും പലിശസഹിതം പിന്നീട് മടക്കി നല്‍കുകയും ചെയ്തെങ്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാത്രം ലഭിച്ചില്ലെന്നും തമ്പാനൂര്‍ രവി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ നിര്‍ബന്ധിത സാലറി കട്ടിന്‍റെ അവസ്ഥയും ഇതുതന്നെയാകും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ നിര്‍ബന്ധിത സാലറി കട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് കത്തുനല്‍കിയതായും തമ്പാനൂര്‍ രവി പറഞ്ഞു.

Comments (0)
Add Comment