കെ എസ് ആർ ടി സി : പ്രതിസന്ധിക്ക് പരിഹാരം തേടി വീണ്ടും ഹൈക്കോടതിയില്‍

Jaihind News Bureau
Monday, October 7, 2019

KSRTC

പ്രതിസന്ധി പരിഹരിക്കാൻ കെ എസ് ആർ ടി സി വീണ്ടും ഹൈക്കോടതിയെ സമീപ്പിക്കും. താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നു പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 15നാണ് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.

ഡ്രൈവർമാരില്ലാത്തതിനാൽ നിരവധി സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർവീസ് നടത്താനുള്ള ക്രമീകരണം ഒരുക്കാൻ അനുമതി തേടിയാണ് കെ എസ് ആർ ടി സി വീണ്ടും കോടതിയെ സമീപിക്കുന്നത്. കേസ് പരിഗണിക്കുന്നത് നേരത്തെയാക്കണമെന്ന് ബുധനാഴ്ച കോടതിയിൽ ആവശ്യപ്പെടും. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും കോടതിയുടെ ശ്രദ്ധയിൽപെടുത്തും. ഹൈക്കോടതി നിർദേശപ്രകാരം എംപാനൽ ജീവനക്കാരെ ജൂൺ 30 മുതൽ പിരിച്ചുവിട്ടിരുന്നെങ്കിലും ഇതിൽ ചിലരെ സർവീസ് തടസ്സപ്പെടാതിരിക്കാൻ പല സ്ഥലങ്ങളിലും ദിവസവേതനത്തിൽ നിയമിച്ചിരുന്നു.

ഇതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താൽക്കാലികക്കാരെയും പിരിച്ചുവിടാൻ കോടതി ഉത്തരവിട്ടത്. ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ സർവീസുകൾ താളം തെറ്റി. യാത്രാക്ലേശവും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും കോടതിയെ സമീപിക്കുന്നത്.