എം പാനല്‍ പ്രതിസന്ധി മറികടക്കാന്‍ മിന്നൽ നിയമനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി

webdesk
Tuesday, December 18, 2018

KSRTC

ഹൈക്കോടതി വിധിയെ തുടര്‍ന്ന് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതോടെയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ മിന്നൽ നിയമനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. ലിസ്റ്റിലുള്ള 4051 പേരും വ്യാഴാഴ്ച തിരുവനന്തപുരം ചീഫ് ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടർന്ന് അടിയന്തിരമായി എം പാനൽ ജീവനക്കാരെ പിരിച്ച് വിട്ടതിൽ കെ.എസ്.ആര്‍.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍ എത്തണമെന്ന് തച്ചങ്കരി അറിയിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉടന്‍ നിയമനം നല്‍കുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. 4051 ഉദ്യോഗാര്‍ത്ഥികളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നാല് ബാച്ചുകളിലായി തിരിച്ച് നിയമന നടപടികള്‍ സ്വീകരിക്കും.

പിഎസ്‍സിയില്‍ നിന്നും ലഭിച്ച അഡ്വൈസ് മെമ്മോ, തിരിച്ചറിയില്‍ രേഖ എന്നിവ പരിശോധിച്ച ശേഷം ഇവര്‍ക്ക് നിയമനം നല്‍കും. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് പകരം പിഎസ്‍സി പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് ദിവസത്തിനകം കണ്ടക്ടർമാരെ നിയമിക്കാനും കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലുണ്ട്. എന്നാൽ കാലതാമസം അവശ്യമാണന്ന കെഎസ്ആര്‍ടിസിയുടെ വാദം കോടതി തള്ളിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനായി കെഎസ്ആര്‍ടിസി അടിയന്തര നടപടി കൈക്കൊണ്ടിരിക്കുന്നത്.