തിരക്കേറിയിട്ടും നിരക്ക് കുറയ്ക്കാതെ കെഎസ്ആര്‍ടിസി ; ഗതാഗത മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം

Jaihind News Bureau
Wednesday, December 30, 2020

 

തിരുവനന്തപുരം :  കൊവിഡ് വ്യാപന നിരക്ക് കുറഞ്ഞ് ബസുകളില്‍ തിരക്കേറിയിട്ടും നിരക്ക് കുറയ്ക്കാന്‍ തയാറാകാതെ ഗതാഗത വകുപ്പ്.  കൊവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ശുപാര്‍ശ   മന്ത്രി തള്ളി. യാത്രക്കാരുടെ എണ്ണം കൂടിയതുകൊണ്ട് മാത്രം നിരക്ക് കുറയ്ക്കാനുള്ള സമയമായിട്ടില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

കൊവിഡ് വ്യാപനം കുറഞ്ഞ് ബസുകളില്‍ തിരക്കേറിയ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള ശുപാര്‍ശ കെ.എസ്.ആര്‍.ടി.സി മുന്നോട്ടു വച്ചത്. എന്നാല്‍ അതിനുള്ള സമയമായിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ മറുപടി. കൊവിഡ് കാല സ്‌പെഷല്‍ സര്‍വീസുകളില്‍ ഉള്‍പ്പെടെ കൂടിയ നിരക്ക് തുടരും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് മാത്രം നിരക്ക് കുറയ്ക്കും. പഴയ നിരക്ക് പുനഃസ്ഥാപിച്ചാല്‍ സ്വകാര്യ ബസ് സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാര്‍ശ നല്‍കയട്ടെയെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.

ദീര്‍ഘദൂര സര്‍വീസുകളില്‍ ആള് കൂടിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള വരുമാന വര്‍ധനയുണ്ടായിട്ടില്ല. ഇന്ധന വില വര്‍ധന കണക്കാക്കി കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിരക്ക് ഭാവിയിലും ചെറിയ മാറ്റം വരുത്തി നിലനിര്‍ത്തുന്നതാകും സര്‍ക്കാര്‍ തീരുമാനം. നിരക്ക് പരിഷ്‌കരണത്തിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനോട് പുതിയ റിപ്പോര്‍ട്ട് തേടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.