ഒടുവില്‍ കെഎസ്ആർടിസി സ്വിഫ്റ്റിന് മോചനം; കുഴപ്പം പാര്‍ക്കിംഗിലോ തൂണിനോ? അന്വേഷണം

കോഴിക്കോട്: കെഎസ്ആർടിസി ടെർമിനലിലെ തൂണുകൾക്ക് ഇടയിൽ കെ സ്വിഫ്റ്റ് ബസ്‌ കുടുങ്ങിയ സംഭവത്തിൽ സ്വിഫ്റ്റ് മാനേജ്മെന്‍റ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സിഎംഡി വിശദമായ റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന് മാനേജ്മെന്‍റ് അറിയിച്ചു. ഇന്നലെ രാത്രിയിൽ തൂണുകൾക്ക് ഇടയിൽ കുടുങ്ങിയ ബസ് ഇന്ന് ഉച്ചയോടെയാണ് പുറത്തിറക്കാനായത്.

കെ സ്വിഫ്റ്റ് ബസുകളുടെ അപകടവാർത്തയും വിവാദവും തുടർക്കഥയാവുന്നതിനിടയിലാണ് കെ സ്വിഫ്റ്റ് ബസിന്‍റെ വിചിത്രമായ പാർക്കിംഗ്. ബംഗളുരുവിൽ നിന്ന് ഇന്നലെ രാത്രി 10.30 ന് കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൽ എത്തിയ കെ സ്വിഫ്റ്റ് ബസ് ആണ് ടെർമിനലിലെ തൂണുകൾക്കിടയിൽ പാർക്ക്‌ ചെയ്ത് കുടുങ്ങിയത്. രണ്ട് തൂണുകളിലുമുള്ള മെറ്റൽ റിങ്ങുകൾ ബസിനോട്‌ ചേർന്ന് കിടക്കുന്നതിനാൽ ബസ് അനക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഇന്നലെ രാത്രിയിൽ തന്നെ ബസ് പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

പിന്നീട് ഇന്ന് രാവിലെ 9 മണി മുതൽ ബസ് പുറത്ത് ഇറക്കാൻ ശ്രമം ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫലം കണ്ടത്. ഒരു തൂണിലെ മെറ്റൽ റിംഗ് ഇളക്കി മാറ്റിയാണ് ബസ് പുറത്ത് എത്തിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച സ്വിഫ്റ്റ് മാനേജ്മെന്‍റ് വിശദമായ റിപ്പോർട്ട് തേടിയതായി സിഎംഡി അറിയിച്ചു.  റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും. ബസിന്‍റെ വലിപ്പം അറിയാത്തത് മൂലമാണ് ബസ് കുടുങ്ങാൻ ഉണ്ടായ കാരണം എന്നാണ് സ്വിഫ്റ്റ് മാനേജ്മെന്‍റിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ടെർമിനൽ നിർമാണത്തിലെ അശാസ്ത്രീയതയാണ് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ടെർമിനലിന്‍റെ ബലക്ഷയവും നിർമാണത്തിലെ അപാകതയും നേരത്തെ തന്നെ വിവാദമായിരുന്നു.

Comments (0)
Add Comment