രണ്ടാം ദിവസം കെഎസ്ആർടിസി സമരം ; ഭൂരിഭാഗം സര്‍വീസുകളും ഇന്നും മുടങ്ങി

Jaihind Webdesk
Saturday, November 6, 2021

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. പണിമുടക്കില്‍ ഭൂരിഭാഗം സര്‍വീസുകളും ഇന്നും മുടങ്ങിയതോടെ പൊതുജനങ്ങള്‍ വലഞ്ഞു. ദീര്‍ഘദൂര സര്‍വീസുകളക്കം മുടങ്ങിയിട്ടുണ്ട്.

എറണാകുളത്തും പാലക്കാടും കോട്ടയത്തും ഇത് വരെ ഒറ്റ സർവീസ് പോലും നടത്തിയില്ല. ബാക്കി ജില്ലകളിലും നാമമാത്ര സർവീസ് മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്.

സർക്കാർ അവഗണന തുടർന്നാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ മുന്നറിയിപ്പ് നൽകി. അതേസമയം, പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സി.എം.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദ്ദേശം.