ശമ്പളനിഷേധത്തിനെതിരെ നവംബര്‍ നാലിന്‌ കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്കും: റ്റി.ഡി.എഫ്

Jaihind Webdesk
Saturday, November 2, 2019

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈ മാസം നാലിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് നടത്തുമെന്ന് റ്റി.ഡി.എഫ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അറിയിച്ചു. തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക,ഡി.എ കുടിശ്ശിക അനുവദിക്കുക, തടഞ്ഞുവച്ച പ്രെമോഷനുകള്‍ അനുവദിക്കുക, നിയമനനിരോധനം പിന്‍വലിക്കുക,വാടകവണ്ടി ഉപേക്ഷിക്കുക, പുതിയ ബസ്സുകള്‍ ഇറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

രണ്ടുകൊല്ലം കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ ലാഭത്തി ലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയത്.

സെപ്റ്റംബര്‍ മാസത്തെ ശമ്പളവിതരണത്തിനായി അനുവദിച്ച തുകയില്‍ വെട്ടിക്കുറച്ച വിഹിതം നല്‍കിയത് ഒക്ടോബര്‍ 11നാണ്. തുടര്‍ന്ന് രണ്ടു ഗഡുക്കളായാണ് ശമ്പള വിതരണം നടത്തിയത്. മൂന്നു വര്‍ഷത്തിനകം 3000 ബസ്സിറക്കുമെന്ന് വീമ്പ് പറഞ്ഞിട്ട് ഇറക്കിയത് 101 ബസ്സുകള്‍ മാത്രമാണ്. ഒരു പുതിയ ബസ്സിറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണ്. യു.ഡി.എഫ് ഭരണകാലത്ത് മികച്ച നിലയിലെത്തിച്ച കെ.എസ്.ആര്‍.ടി.സിയെ സുശീല്‍ഖന്നയുടെ മണ്ടന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെ ഇടതുസര്‍ക്കാര്‍ തകര്‍ത്തു.കോടതിയില്‍ ഒത്തുകളിച്ച് 9500 പേരെ പിരിച്ചുവിട്ടു. ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം ബസ്സോടിക്കാന്‍ ആളില്ലായെന്ന് പറയുന്നത് വിരോധാഭാസമാണ്.

കെ.എസ്.ആര്‍.ടി.സില്‍ പി.എസ്.സി വഴിയുള്ള നിയമനം നിര്‍ത്തി. യു.ഡി.എഫ് കാലത്ത് ഓടിക്കൊണ്ടിരുന്ന 500 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് യാത്രക്കാരെയും ജീവനക്കാരെയും മാനേജ്മെന്റ് ശിക്ഷിക്കുകയാണ്.പ്രകടനപത്രികയില്‍ കെ.എസ്.ആര്‍.ടി.സിക്കുവേണ്ടിഎല്‍.ഡി.എഫ്‌നല്‍കിയ ഉറപ്പുകളെല്ലാം ലംഘിച്ചു.വാടകവണ്ടിയെടുക്കാനുള്ള നീക്കം കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവത്കരിക്കാനാണെന്നും നീതിനിഷേധത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന് കേരള സമൂഹവും എല്ലാവിഭാഗം ജീവനക്കാരും സഹകരിക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.