കെ.എസ്.ആര്‍.ടി.സി പണിമുടക്ക് മാറ്റിവെച്ചു

Jaihind Webdesk
Wednesday, January 16, 2019

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. ജീവനക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രിയും ജീവനക്കാരുടെ നേതാക്കളും അറിയിച്ചു. കെ.എസ്.ആര്‍.ടി.സി പണിമുടക്ക് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് സമരവുമായി മുന്നോട്ടുപോകാനായിരുന്നു സംഘടനകളുടെ ആദ്യ തീരുമാനം. പക്ഷേ, മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംഘടനകള്‍ നിലപാട് മാറ്റുകയായിരുന്നു.

നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കൊടുവിലാണ് പണിമുടക്ക് പിന്‍വലിയ്ക്കാനുള്ള തൊഴിലാളി സംഘടനകളുടെ തീരുമാനം വന്നത്. സമരം മൂലം സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്കും അവകാശങ്ങളുണ്ടെന്ന് കോടതി സമരക്കാരെ ഓര്‍മ്മിപ്പിച്ചു. സമരക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്നും കോടതി നിര്‍ദേശിച്ചു. ഒന്നാം തിയതി സമരത്തിന് നോട്ടീസ് ലഭിച്ചിട്ട് 14 ദിവസം കെഎസ്ആര്‍ടിസി എംഡി എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു.

പണിമുടക്കു തടഞ്ഞ ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ ആദ്യ പ്രതികരണം. തൊഴിലാളികള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നു മന്ത്രി എ കെ ശശീന്ദ്രനും അഭിപ്രായപ്പെട്ടു. എന്നാല്‍, വൈകാതെ മന്ത്രി നേരിട്ട് തൊഴിലാളി സംഘടനകളെ ചര്‍ച്ചയ്ക്കുവിളിച്ചു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്.