കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി: മന്ത്രിക്കും പങ്കെന്ന് ടിഡിഎഫ്; നാളെ മുതല്‍ സമരം

Jaihind Webdesk
Wednesday, May 11, 2022

 

തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെഎസ്ആർടിസി പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്. ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതിൽ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്‍റ് ആർ ശശിധരൻ ആരോപിച്ചു. അതേസമയം ശമ്പളക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് മന്ത്രി ആന്‍റണി രാജു കയ്യൊഴിയുകയും എംഡി ആംസ്റ്റര്‍ഡാമിലേക്ക് പറക്കുകയും ചെയ്തതോടെ ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഉറപ്പുപറയാന്‍ ആരുമില്ലാത്ത സ്ഥിതിയായി.

ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ സെൻട്രൽ ഡിപ്പോയ്ക്ക് മുന്നിലും സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളുടെയും മുന്നിലും പ്രതിഷേധ ധർണ്ണ നടത്തും. പണിമുടക്ക് മഹാ അപരാധമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത് പ്രകോപനപരമായ പ്രസ്താവനയാണെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്‍റ് ആർ ശശിധരൻ പറഞ്ഞു. ശമ്പളം നൽകേണ്ട ഉത്തരവാദിത്വം മന്ത്രിക്കുമുണ്ട്. കെഎസ്ആര്‍ടിസി പണിമുടക്കിനെ വിമർശിച്ചവർ എന്തുകൊണ്ട് അഖിലേന്ത്യാ പണിമുടക്കിനെപ്പറ്റി പറയുന്നില്ലെന്നും ആര്‍ ശശിധരന്‍ ചോദിച്ചു. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ടിഡിഎഫ് ആവശ്യപ്പെടുന്നു. ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി സിഐടിയുവും രംഗത്തെത്തിയിട്ടുണ്ട്.

ഏപ്രില്‍ മാസത്തെ ശമ്പളം ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ആകെ 85 കോടി രൂപയാണ് ശമ്പളം നല്‍കുന്നതിനായി വേണ്ടത്.  ശമ്പള വിതരണത്തിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാതെ ഗതാഗതമന്ത്രി തൃശൂരിലേക്കും എം.ഡി ആംസ്റ്റര്‍ഡാമിലേക്കും പോയതില്‍ യൂണിയനുകള്‍ കടുത്ത അമര്‍ഷത്തിലാണ്. നൂറ് പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നുമാത്രമാണ് കെഎസ്ആര്‍ടിസി എന്നും ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റാണെന്നുമാണ് മന്ത്രി ആന്‍റണി രാജു പറഞ്ഞത്. സര്‍ക്കാര്‍ സഹായമായ 30 കോടി കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്തിയെങ്കിലും അതുകൊണ്ട് മാത്രം ശമ്പള വിതരണം പൂര്‍ത്തിയാകില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പയ്ക്കായുള്ള ശ്രമത്തിലായിരുന്നു മാനേജ്മെന്‍റ്. ജോലി ചെയ്തിട്ടും കൂലി നല്‍കാത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് ടിഡിഎഫ് ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ഒരുങ്ങുന്നത്.