കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; തൊഴിലാളി സംഘടനകളും മുഖ്യമന്ത്രിയുമായുള്ള നിർണായക ചർച്ച ഇന്ന്

Jaihind Webdesk
Monday, September 5, 2022

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ തൊഴിലാളി സംഘടനകളും മുഖ്യമന്ത്രിയുമായുള്ള നിർണായക ചർച്ച ഇന്ന്. സിംഗിൾ ഡ്യൂട്ടി പരിഷ്കരണം അടക്കം ഇന്നത്തെ ചർച്ചയിൽ തീരുമാനമായേക്കും. അതിനിടെ ധനവകുപ്പ് ജീവനക്കാർക്ക് ശമ്പളത്തിന്‍റെ മൂന്നിലൊന്ന് വിതരണം ഇന്നുമുതൽ തുടങ്ങും.

രണ്ടു മാസത്തെ ശമ്പളമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കുവാനുള്ളത്. ശമ്പള കുടിശികയുടെ മൂന്നിലൊന്ന് പണമായും ബാക്കി കൂപ്പണുകളായും നൽകണമെന്നാണ് ഹൈക്കോടതി നിർദേശം. എന്നാൽ കൂപ്പണുകൾ സ്വീകരിക്കില്ലന്നെ നിലപാടിലാണ് തൊഴിലാളികൾ. കൂപ്പൺ നൽകാമെന്ന് പറഞ്ഞ ശനിയാഴ്ച തൊഴിലാളികളാരും കൂപ്പൺ വാങ്ങാൻ എത്തിയതും ഇല്ല. കൂപ്പൺ വാങ്ങിയില്ലെങ്കിൽ കുടിശിക തുക അതേപടി നിലനിൽക്കും. ഇന്ന് നടക്കുന്ന ചർച്ചയിൽ നിർണായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സിംഗിൾ ഡ്യൂട്ടി പരിഷ്കരണം അടക്കം ചർച്ചയാകും. യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാവരും തയ്യാറാക്കണമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിലപാട്. സിംഗിൾ ഡ്യൂട്ടി സംവിധാനം അംഗീകരിച്ചാൽ കെഎസ്ആർടിസിക്ക് രക്ഷാപാക്കേജ് ആയി 250 കോടി അനുവദിക്കുമെന്നും സൂചനകളുണ്ട്. അതിനിടെ ധനവകുപ്പ് അനുവദിച്ച 50 കോടിയും കയ്യിലുള്ള 10 കോടിയും ചേർത്ത് കുടിശികത്തുകയുടെ മൂന്നിലൊന്ന് വിതരണം ഇന്നുമുതൽ ആരംഭിക്കും. ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരുടെ കൂട്ടായ്മയായ ഫോറം ഫോർ ജസ്റ്റിസ് സുപ്രീംകോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.