കെഎസ്ആർടിസി യൂണിയനുകള്‍ക്ക് ധിക്കാരമെന്ന് ഗതാഗത മന്ത്രി; ശമ്പളമില്ലാതെ ജീവനക്കാർ

Jaihind Webdesk
Sunday, May 15, 2022

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിയനുകള്‍ക്കെതിരെ ഗതാഗതമന്ത്രി ആന്‍റണി രാജു. യൂണിയനുകള്‍ക്ക് ധിക്കാരമെന്ന് മന്ത്രി ആന്‍റണി രാജു കുറ്റപ്പെടുത്തി. എല്ലാത്തി‍നും ഒറ്റമൂലി പണിമു‍ടക്കല്ല. വരവും ചെലവും തമ്മില്‍ അന്തരമുണ്ട്. യൂണിയനുകള്‍ ജീവനക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മെയ് 15 ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല.

ശമ്പളം കൊടുക്കില്ലെന്ന് മാനേജ്മെന്‍റോ സര്‍ക്കാരോ പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പുതിയ പ്രതികരണം. ശമ്പളക്കാര്യത്തില്‍ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന മന്ത്രിയുടെ മുന്‍ പ്രസ്താവന പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പത്താം തീയതി ശമ്പളം നൽകാമെന്നായിരുന്നു സർക്കാരിന്‍റെയും മാനേജ്മെന്‍റിന്‍റെയും ഉറപ്പ്. ദിവസങ്ങൾ പിന്നിട്ടിട്ടും ശമ്പളം എന്ന്  നൽകുമെന്നതിൽ ഇതുവരെയും വ്യക്തത ഉണ്ടായിട്ടില്ല. അതിനിടെയാണ് യൂണിയനുകൾക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു രംഗത്തെത്തിയത്.

ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജീവനക്കാരെ പൂർണ്ണമായും കൈയൊഴിയുന്ന നിലപാടാണ് സർക്കാരിന്‍റേത്. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്തെത്തി. ശമ്പള പ്രതിസന്ധി സർക്കാരും മാനേജ്മെന്‍റും വരുത്തിയത് അല്ല. സർക്കാരിന്‍റെ വാക്കു കേട്ടിരുന്നെങ്കിൽ ഇപ്പോൾ ശമ്പളം ലഭിച്ചേനെ എന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിലെ പ്രശ്നങ്ങളിൽ ആവശ്യഘട്ടങ്ങളിൽ സർക്കാർ ഇടപെടുമെന്ന് ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച ഭരണാനുകൂല സംഘടനയായ സിഐടിയുവിന് മറുപടിയായി മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് സിഐടിയു.