കെഎസ്ആർടിസി : ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുമായുള്ള സിഐടിയു കൂടിക്കാഴ്ച വിഫലം

Jaihind Webdesk
Wednesday, May 18, 2022

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യംഉന്നയിച്ച് സി.ഐ.ടി.യു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിഫലം. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പുകൾ നൽകിയില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ തുടർചർച്ചകൾ നടത്താനുള്ള ശ്രമത്തിലാണ് സി.ഐ.ടി.യു.

നേരത്തെ ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി സി.ഐ.ടി.യു പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശമ്പളം നൽകാൻ സർക്കാർ ഇടപെടേണ്ടതില്ല മാനേജ്മെന്‍റ് നൽകും എന്ന അഭിപ്രായമായിരുന്നു ഗതാഗത മന്ത്രി നടത്തിയത്. വിദേശ സന്ദർശനം കഴിഞ്ഞ് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാർകർ നാളെ തിരിച്ചെത്തിയേക്കും. ബാങ്കിൽ നിന്ന് വീണ്ടും ഓവർ ഡ്രാഫ്റ്റെടുത്ത് ശമ്പളം നൽകാനുള്ള നടപടികൾ ആരംഭിക്കാനാണ് നീക്കം.

അതേസമയം, വിപണി വിലയ്ക്ക് ഇന്ധനം നല്‍കാന്‍ പൊതുമേഖല എണ്ണക്കമ്പനികളോട് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം.