കെഎസ്ആർടിസിയില്‍ ഗുരുതര പ്രതിസന്ധി : ശമ്പളം മുടങ്ങി

Jaihind Webdesk
Wednesday, April 6, 2022

കെഎസ്ആര്‍ടിസിയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ  പ്രഖ്യാപനത്തിന് പിന്നാലെ  ഈ മാസത്തിലെ ശമ്പളം മുടങ്ങി. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വന്നേക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശമ്പളം മുടങ്ങിയതിലും  പിരിച്ചുവിടല്‍ പ്രസ്താവനയിലും ഇടത് യൂണിയനുകളടക്കം മന്ത്രിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

വരുന്ന മാസങ്ങളില്‍ ശമ്പളം കൃത്യമായി കൊടുക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയത്തിലാണെന്നായിരുന്നു  മന്ത്രി കഴിഞ്ഞ ദിവസം  അറിയിച്ചിരുന്നത്. മുമ്പ് ഫര്‍ലോ ലീവ് ( ദീര്‍ഘകാലത്തേക്ക് പകുതി ശമ്പളത്തോട് അവധി നല്‍കുന്ന സമ്പ്രദായം ) കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കാന്‍ മാനേജ്‌മെന്‍റ് ശ്രമിച്ചിരുന്നു. പക്ഷേ  ജീവനക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ  ഈ നീക്കം  ഉപേക്ഷിച്ചു.

ഇന്ധനവില വര്‍ധന, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ കെഎസ്ആര്‍ടിസിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ദിനംപ്രതി 16 ലക്ഷം ലിറ്റര്‍ ഡീസല്‍ സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസിക്ക് ആവശ്യമാണ്. 21 രൂപ ഡീസല്‍ ലിറ്ററിന് ബള്‍ക്ക് പര്‍ച്ചേസര്‍ ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ വരുമാനത്തിന്‍റെ 70 ശതമാനത്തിലധികം തുക കെഎസ്ആര്‍ടിസി ഇന്ധനം വാങ്ങുന്നതിന് വേണ്ടിയാണ് വിനയോഗിക്കുന്നത്. ഇതിനു പുറമെയാണ് മറ്റ് ചെലവുകള്‍.