നഷ്ടത്തില്‍ ഓടുമ്പോഴും സ്വകാര്യബസുകള്‍ക്ക് വഴിമാറി KSRTC ; അവിശുദ്ധ കൂട്ടുകെട്ടെന്ന് ആക്ഷേപം

Jaihind Webdesk
Friday, April 26, 2019

KSRTC-Scania

കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും തമ്മില്‍ ഒത്തുകളിയെന്ന് ആക്ഷേപം. കെ.എസ്‍.ആർ.ടി.സിയെ എങ്ങനെ ലാഭത്തിലാക്കാമെന്ന് തല പുകയ്ക്കുകയാണെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ നഷ്ടം നികത്താന്‍ സാധ്യമായ മാര്‍ഗങ്ങള്‍ പോലും കെ.എസ്.ആര്‍.ടി.സി ഉപയോഗപ്പെടുത്തുന്നില്ല എന്നത് സര്‍ക്കാരിന്‍റെയും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍റെയും അവകാശവാദത്തിലെ പൊള്ളത്തരം വെളിവാക്കുന്നതാണ്.

കെ.എസ്‍.ആര്‍.ടി.സിക്ക് ഏറ്റവും നഷ്ടമുണ്ടാക്കുന്നത് അന്തര്‍സംസ്ഥാന സര്‍വീസുകളാണെന്നാണ് കണക്കുകള്‍ പറയുന്നത്. സ്വകാര്യബസുകളാണ് ഇവിടെ കെ.എസ്.ആര്‍.ടി.സിക്ക് പ്രധാന വില്ലനാകുന്നത്. എന്നാല്‍ നിയമം ലംഘിച്ച് തലങ്ങും വിലങ്ങും സ്വകാര്യബസുകള്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുമ്പോഴും ഇതിനെതിരെ  ചെറുവിരല്‍ പോലും അനക്കാന്‍ കെ.എസ്‍.ആര്‍.ടി.സി മാനേജ്മെന്‍റോ സര്‍ക്കാരോ തയാറാകുന്നില്ല എന്നതാണ് ആക്ഷേപത്തിന് വഴിവെക്കുന്നത്.

പേരിനൊരു പരാതി സംസ്ഥാന സര്‍ക്കാരിന് നല്‍കി എന്നതൊഴിച്ചാല്‍ യാതൊരു നിയമനടപടിക്കും കെ.എസ്.ആര്‍.ടി.സി തയാറായിട്ടില്ല. ഇത്തരത്തില്‍ സ്വകാര്യബസുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകാത്തതിനെതിരെ ആരോപണം ഉയരുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റും സ്വകാര്യ ബസ് ഗ്രൂപ്പുകളും  തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. എത്ര സ്വകാര്യബസുകള്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നുണ്ടെന്നത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ കയ്യില്‍ വ്യക്തമായ കണക്കുകള്‍ പോലുമില്ല.

ആനവണ്ടിയെ സൈഡിലൊതുക്കി കൊള്ളലാഭം കൊയ്യുകയാണ് പ്രൈവറ്റ് ബസ് എന്ന വെള്ളാനകള്‍.  ഓരോ ദിവസവും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് ഓടിക്കയറുകയാണ് കെ.എസ്.ആര്‍.ടി.സി എന്ന് കണക്കുകള്‍ പറയുമ്പോഴും സ്വകാര്യ ബസുകള്‍ക്ക് വഴിമാറുന്ന കെ.എസ്.ആര്‍.ടി.സിയുടെ നിലപാടിന് പിന്നില്‍ പ്രൈവറ്റ് ബസ് ലോബിയുമായുള്ള അവിശുദ്ധ ബന്ധമെന്നാണ് ആരോപണം ഉയരുന്നത്. നിയമലംഘനം നടത്തി അന്തര്‍സംസ്ഥാന സർവീസുകള്‍ നടത്തുന്ന സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ഇതിനെതിരെ കണ്ണടയ്ക്കുകയാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും.