കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന് തൊഴിലാളി യൂണിയനുകള്‍

Jaihind Webdesk
Monday, June 6, 2022

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യൂണിയനുകൾ സമരത്തിലേക്ക്. ചീഫ് ഓഫീസിന് മുന്നിൽ ടിഡിഎഫ് രാപ്പകൽ സമരം ഇന്ന് ആരംഭിക്കും. അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സിഐടിയുവിന്‍റെയും തീരുമാനം. ശമ്പള വിതരണം സമയബന്ധിതമായി നടത്താത്തത് തന്നെയാണ് തൊഴിലാളികളെ വീണ്ടും സമരത്തിലേക്ക് നയിച്ചത്. എന്നാല്‍ തത്ക്കാലം സർവീസുകള്‍ മുടക്കേണ്ടെന്നാണ് യൂണിയനുകളുടെ തീരുമാനം.

ചീഫ് ഓഫീസിന് മുന്നിൽ ഐഎൻടിയുസി ഇന്ന് തുടങ്ങുന്ന അനിശ്ചിതകാല രാപ്പകൽ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഭരണാനുകൂല സംഘടനയായ സിഐടിയുവും ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും. ട്രാൻസ്പോർട്ട് ഭവന് മുന്നിലെ സമരം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. കെഎസ്ആർടിസിയുടെ നവീകരണത്തിനായി ബദൽ രേഖയും സിഐടിയു ഇന്ന് അവതരിപ്പിക്കും. ബിഎംഎസും ഇന്ന് ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രതിഷേധിക്കും.

ഈ മാസം 20ന് മുമ്പ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്‌മെന്‍റ് യൂണിയൻ നേതാക്കളെ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മെയ് മാസത്തെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്യാൻ മാനേജ്‌മെന്‍റ് വിളിച്ച യോഗം മൂന്ന് അംഗീകൃത യൂണിയനുകളും ബഹിഷ്‌കരിച്ചിരുന്നു. ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്‌മെന്‍റ് സർക്കാരിനോട് തേടിയത്. എന്നാൽ പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.