ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോക്കുള്ളില്‍ തൂങ്ങിമരിച്ചു

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോക്കുള്ളില്‍ തൂങ്ങിമരിച്ചു. കാസർകോട് നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത പി വി സുകുമാരന്‍ ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.30 മണിയോടെ കെഎസ്ആര്‍ടിസി ഡിപ്പോയായ തുളുനാട് കോംപ്ലക്‌സിലെ ഒന്നാം നിലയിലെ ഏണിയിലാണ് കയര്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ കയര്‍ അറുത്തുമാറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

തെയ്യം കലാകാരന്‍ രാമന്‍ കര്‍ണമൂര്‍ത്തിയുടെ മകനാണ്. പിതാവ് മരണപ്പെട്ടതിനാല്‍ മരണാനന്തര ചടങ്ങുകള്‍ക്കായി 20 ദിവസമായി അവധിയിലായിരുന്നു സുകുമാരന്‍. അവധി കഴിഞ്ഞ് ഇന്ന് ഡ്യൂട്ടിയെടുക്കാനായി വ്യാഴാഴ്ച രാത്രി ഡിപ്പോയില്‍ എത്തിയതായിരുന്നു. കഴിഞ്ഞമാസത്തെ ശമ്പളം കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സുകുമാരനെന്ന് സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് കാസര്‍കോട് ടൗണ്‍ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.

കാര്യങ്കോട്ടെ താമസക്കാരനായിരുന്ന സുകുമാരന്‍ ദേശീയപാത നാലുവരിക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നതിനാല്‍ പള്ളിക്കരയില്‍ പുതിയ വീട് വെച്ച് താമസിക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) അംഗമാണ്.

KSRTC
Comments (0)
Add Comment