കെ.എസ്.ആർ.ടി.സി.യിൽ പ്രതിസന്ധി രൂക്ഷം; നിരവധി സർവീസുകൾ ഇന്നും മുടങ്ങിയേക്കും; ശമ്പള വിതരണത്തിലും തീരുമാനമായില്ല.

താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതിനെ തുടർന്നുണ്ടായ കെ.എസ്.ആർ.ടി.സി.യിലെ പ്രതിസന്ധി തുടരുന്നു. പ്രവൃത്തി ദിവസമായ ഇന്നും നിരവധി സർവീസുകൾ മുടങ്ങിയേക്കും. അതേ സമയം സർക്കാർ സഹായം വെട്ടിക്കുറച്ചതോടെ കെഎസ്ആർടിസിയിൽ ശമ്പള വിതരണവും പ്രതിസന്ധിയിലാണ്.

ഇന്ന് തിരക്കേറിയ ദിനമായതിനാൽ കെ എസ് ആർ ടി സിക്ക് നിരവധി സർവീസുകൾ നടത്തേണ്ടതുണ്ട്. ജീവനക്കാരുടെ ക്ഷാമം മൂലം സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ കെ എസ് ആർ ടി സിക്ക് ഇനിയുമായിട്ടില്ല. വേതനം ലഭിക്കാത്തതിനാൽ ജോലി ചെയ്യാൻ താൽക്കാലിക ഡ്രൈവർമാരിൽ പലരും തയ്യാറല്ല. ഇന്നലെ അവധി ദിനമായിട്ടു കൂടിയും നിരവധി സർവീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. 1640 താൽക്കാലിക ഡ്രൈവർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ച് പ്രതിസന്ധി മറികടക്കാൻ കെ.എസ്.ആർ.ടി.സി നേരത്തെ ശ്രമിച്ചിരുന്നു.

ദിവസ വേതന അടിസ്ഥാനത്തിൽ എന്നും താൽക്കാലിക ഡ്രൈവർമാരെ നിയമിച്ചാൽ ഹൈക്കോടതിയിൽ അത് തിരിച്ചടിയാകുമെന്ന് കെ.എസ്.ആർ.ടി.സി കണക്ക് കൂട്ടുന്നു. സ്ഥിരമായി താൽക്കാലിക ജീവനക്കാരെ നിയമിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.15 ന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ നിലവിലെ സാഹചര്യം തുടരാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. അതിനിടെ താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളവിതരണം വൈകുമെന്ന് ഉറപ്പായി. ശമ്പളം നൽകാൻ പണമില്ല എന്നാണ് മാനേജ്‌മെൻറ് നിലപാട്. ശമ്പളം നൽകാൻ 7.40 കോടി രൂപ ആവശ്യമാണ്. അതേ സമയം സർക്കാർ സഹായം വെട്ടികുറച്ചതോടെ കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാരുടെ ശമ്പള വിതരണം 80 % മാത്രമാണ് പൂർത്തിയായത്.

KSRTC
Comments (0)
Add Comment