‘ഓണം ബമ്പറടിച്ചാല്‍ കെഎസ്‍ആർടിസിയില്‍ ശമ്പളം കൊടുക്കാമായിരുന്നു’: വീണ്ടും പരിഹാസവുമായി ഗതാഗത മന്ത്രി

Jaihind Webdesk
Friday, July 15, 2022

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ പരിഹസിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. ഓണം ബമ്പർ അടിച്ചിരുന്നെങ്കില്‍ കെഎസ്ആർടിസിയില്‍ ശമ്പളം നല്‍കാമെന്നായിരുന്നു മന്ത്രിയുടെ തമാശ മട്ടിലുള്ള പ്രതികരണം. 25 കോടി രൂപയുടെ ഓണം ബമ്പർ ലോട്ടറി പുറത്തിറക്കുന്ന വേദിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം. കഴിഞ്ഞ മാസത്തെ ശമ്പള വിതരണം ഇനിയും തുടങ്ങിയിട്ടില്ലെന്നിരിക്കെയാണ് മന്ത്രിയുടെ പരിഹാസം.

ഓണം ബമ്പര്‍ പുറത്തിറക്കുന്ന ചടങ്ങിൽ അധ്യക്ഷനായിരുന്നു ഗതാഗതമന്ത്രി. ചടങ്ങിലെ അതിഥികളെ പുസ്തകം നൽകിയാണ് സ്വീകരിച്ചത്. പുസ്തകത്തിന് പകരം ലോട്ടറി ടിക്കറ്റ് നൽകിയാൽ മതിയായിരുന്നെന്ന് ആന്‍റണി രാജു അധ്യക്ഷ പ്രസംഗത്തിനിടെ പറഞ്ഞു.

‘ചടങ്ങിൽ സ്വാഗതം ചെയ്ത സമയത്ത് എല്ലാവർക്കും പുസ്തകമാണ് നൽകിയത്. ആ ഉപഹാരത്തിനു പകരം ലോട്ടറിയായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. ലോട്ടറിയടിച്ചാൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാന്‍ പറ്റുമായിരുന്നു’ – ആന്‍റണി രാജു പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർക്ക് ഏതാനും മാസങ്ങളായി ശമ്പളം മുടങ്ങുന്നത് പതിവാണ്. കെഎസ്ആർടിസി ജീവനക്കാർ ശമ്പളമില്ലാതെ ദുരിതത്തിലായിരിക്കുമ്പോഴും അനുഭാവപൂർവമായ ഒരു വാക്ക് പോലും പറയാന്‍ തയാറാകാത്ത വകുപ്പ് മന്ത്രി പ്രകോപനപരമായ പ്രസ്താവനകളും നിരന്തരമായി നടത്തിയിരുന്നു. കെഎസ്ആർടിസിയുടെ ശമ്പളക്കാര്യം സർക്കാരിന്‍റെ ബാധ്യതയല്ലെന്നും സമരം ചെയ്തതുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നുമൊക്കെ മന്ത്രി പലപ്പോഴായി പറഞ്ഞത് ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തിയതായിരുന്നു. ഇപ്പോള്‍ ശമ്പളമില്ലാതെ കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോഴും ജീവനക്കാര്‍ സമരത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പുതിയ പ്രകോപന പരാമർശം.