താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആർ.ടി.സിയുടെ ശ്രമം. ഇന്ന് മുതല്‍ ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കും. വിരമിച്ചവര്‍ക്കാണ് മുന്‍ഗണന, ഒപ്പം പിരിച്ചുവിടപ്പെട്ടവരേയും പരിഗണിക്കും. തിരക്കുള്ള ദിവസങ്ങളില്‍ മാത്രമായിരിക്കും ദിവസക്കൂലിക്കാരുടെ സേവനം.
ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ സുപ്രീംകോടതിയുടെ അനുമതിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ നീക്കം. അവധിയിലുള്ള സ്ഥിര ജീവനക്കാര്‍ക്ക് പകരം ഓരോ ഡിപ്പോയ്ക്കും അതാത് ദിവസത്തേക്ക് മാത്രമായി താല്‍ക്കാലിക ഡ്രൈവര്‍മാരെ വിളിക്കാം.തിങ്കള്‍ വെള്ളി തുടങ്ങി തിരക്കുള്ള ദിവസങ്ങള്‍ നോക്കിയേ ആളെയെടുക്കാനാവു എന്നാണു നിർദ്ദേശം. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന നൽകും.പിരിച്ചുവിട്ട എംപാനലുകാരേയും ഉൾപ്പെടുത്തും. വേതനം അതാത് ദിവസം നല്‍കണം.
ദിവസവേതന അടിസ്ഥാനത്തിലാണെങ്കിലും തങ്ങളെ പരിഗണിക്കണമെന്ന് റാങ്ക് ലിസ്റ്റിലുള്ളവര്‍ വാദിക്കാനിടയുള്ള സാഹചര്യത്തില്‍ ഈ നിയമനവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. എന്നാല്‍ താല്‍ക്കാലിക പരിഹാരമെന്ന നിലയിലാണ് ഈ സംവിധാനമെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.മൂന്നുദിവസമായി മൂന്നുകോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് കാരണം കെ.എസ്.ആര്‍.ടി.സിക്കുണ്ടായത്. ഡ്രൈവര്‍മാരുടെ കുറവ് കാരണം കെ.എസ്.ആര്‍.ടി.സി ഇന്നലെ 745 സര്‍വീസുകള്‍ റദ്ദാക്കി. ഗ്രാമീണമേഖലയിലടക്കം ബസ് കിട്ടാതെ യാത്രക്കാര്‍ വലയുന്ന സാഹചര്യവുമുണ്ടായി.