കെഎസ്എഫ്ഇ റെയ്ഡില്‍ സിപിഐക്കുള്ളിലും കടുത്ത അതൃപ്തി ; വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതെന്ന് വിമർശനം

Jaihind News Bureau
Monday, November 30, 2020

 

തിരുവനന്തപുരം:  കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ. പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്ന് സംശയമെന്ന് സിപിഐ മുഖപത്രം ജനയുഗം. വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ്. വിജിലന്‍സിന്റെ നടപടി കോണ്‍ഗ്രസിനും ബിജെപിക്കും ഇന്ധനം പകരുന്നതാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. റെയ്ഡിൽ സിപിഎമ്മിൽ തന്നെ അതൃപ്തി പുകയുന്നതിനിടെയാണ് സിപിഐയുടെ പ്രതികരണം.

കേരളത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സര്‍ക്കാരിന്റെ തന്നെ മറ്റൊരു ഏജന്‍സി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയെന്നത് അസ്വാഭാവികവും അപലപനീയവുമാണ്. കെഎസ്എഫ്ഇയില്‍ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ഏതെങ്കിലും വീഴ്ചകളുടെയോ ക്രമക്കേടുകളുടേയോ പേരില്‍ പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാന്‍ അനുവദിച്ചുകൂട -മുഖപ്രസംഗം പറയുന്നു.

റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസകും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പരസ്യമായി രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആനത്തലവട്ടം  തുറന്നടിച്ചു. ആരാണ് പരാതിക്കാരെന്ന് വെളിപ്പെടുത്തണം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. പ്രത്യാഘാതം എന്താണെന്ന് സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല. സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം. വിജിലൻസിനെ അവർ ആയുധമാക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു.