കെഎസ്എഫ്ഇ റെയ്ഡില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത ഭിന്നത ; ഗൂഢാലോചനയെന്ന് ആനത്തലവട്ടം ; മറുപടി ഇല്ലാതെ മുഖ്യമന്ത്രി

Jaihind News Bureau
Sunday, November 29, 2020

 

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനു പിന്നാലെ സിപിഎമ്മിനുള്ളില്‍ ഭിന്നത രൂക്ഷം. റെയ്ഡിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. റെയ്ഡിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആരാണ് പരാതിക്കാരെന്ന് വെളിപ്പെടുത്തണം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. പ്രത്യാഘാതം എന്താണെന്ന് സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല. സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം. വിജിലൻസിനെ അവർ ആയുധമാക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു.

അതേസമയം മുഖ്യമന്ത്രിക്ക് ചുമതലയുള്ള വിജിലൻസ് തന്നെ റെയ്ഡ് നടത്തിയതിൽ സിപിഎമ്മിനുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമാകുകയാണ്.  തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ  റെയ്ഡ് നടത്തിയത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയെന്നാണ് നേതാക്കളുടെ വാദം.

‘ഓപ്പറേഷൻ ബചത്’ എന്ന പേരിലാണ് സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലന്‍സ് ഇന്നലെ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തല്‍. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി.

കെ.എസ്.എഫ്.ഇ അഴിമതിയില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വിജിലന്‍സ് നടത്തിയ റെയ്ഡ് വിവരങ്ങള്‍ പുറത്തുവിടണം. മുഖ്യമന്ത്രി ഇടപെട്ട് റെയ്ഡ് നിര്‍ത്തിവെച്ചോ എന്ന് വ്യക്തമാക്കണം. ധനമന്ത്രിയുടെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

റെയ്ഡ് നടത്തിയവർക്ക് വട്ടാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ആർക്കാണ് വട്ട് എന്ന് തോമസ് ഐസക് വ്യക്തമാക്കണം. സ്വന്തം വകുപ്പിലെ അഴിമതി അന്വേഷിക്കരുതെന്നാണ് ഐസക്കിന്‍റെ നിലപാട്. ഇതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ധനകാര്യമന്ത്രിയുടെ ഈ വഴിവിട്ട നിലപാടിനെ കുറിച്ചു മഖ്യമന്ത്രി നയം വ്യക്തമാക്കണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.