വൈദ്യുതി ബോര്‍ഡിന് വരുത്തിയ കുടിശ്ശിക നല്‍കുന്നതില്‍ തീരുമാനമായില്ല; പണം ലഭിച്ചില്ലെങ്കില്‍ വൈദ്യുതിനിയന്ത്രണമെന്ന് ബോർഡ്

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുത്തിയ കുടിശ്ശിക നല്‍കുന്നതിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും ധാരണയായില്ല. കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബോര്‍ഡ് അറിയിച്ചു. ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കുടിശ്ശിക നല്‍കുന്നതിന് ധാരണയാവാത്തത്.

അതേസമയം 500 കോടിരൂപ വായ്പയെടുക്കാന്‍ ബോര്‍ഡിന് അനുമതിനല്‍കിയിരിക്കുകയാണ്. എന്നാല്‍ അടുത്തിടെയാണ് ബോര്‍ഡ് 700 കോടി വായ്പയെടുത്തത്. കഴിഞ്ഞ ദിവസം ജലഅതോറിറ്റി വൈദ്യുതിബില്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശ്ശികയായ 2067 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്തതായി  ഉത്തരവിറക്കിയിരുന്നു. ബോര്‍ഡിന് 37 കോടി രൂപ മാസംതോറും അതോറിറ്റി നിര്‍ബന്ധമായും നല്‍കണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാല്‍, ഈ പണം നല്‍കിയാല്‍ ജലഅതോറിറ്റിയിലെ പെന്‍ഷന്‍ മുടങ്ങുമെന്ന് ജലവിഭവവകുപ്പ് അറിയിച്ചു.

മറ്റുവകുപ്പുകളുമായുള്ള കുടിശ്ശിക ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ഉന്നതതലസമിതി രൂപവത്കരിക്കാനാണ് തീരുമാനം. സർക്കാർ കുടിശ്ശിക ഏറ്റെടുത്ത ഉത്തരവ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വൈദ്യുതിമേഖലയിലെ നഷ്ടം കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക് 4800 കോടി രൂപയുടെ വായ്പ ഉടന്‍ കേന്ദ്രം അനുവദിക്കുമെന്ന് കരുതുന്നതായും ധനവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

Comments (0)
Add Comment