ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ അടുത്ത ഷോക്ക്; നിരക്ക് വർധനയ്ക്ക് പുറമെ വേനല്‍ നിരക്കും ഈടാക്കാന്‍ നീക്കം

 

തിരുവനന്തപുരം: ഉപഭോക്താക്കളെ പിഴിയാന്‍ പുതിയ നീക്കവുമായി കെഎസ്ഇബി. വൈദ്യുതി നിരക്ക് വര്‍ധനയ്ക്കുപുറമെ വേനല്‍നിരക്കും ഈടാക്കാന്‍ നീക്കം. ജവൈദ്യുതി റഗുലേറ്ററി കമ്മിഷന് പുതുക്കി നല്‍കിയ താരിഫ് നിര്‍ദ്ദേശങ്ങളിലാണ് സമ്മര്‍ താരിഫ് എന്ന പേരില്‍ അധികതുക ഈടാക്കാന്‍ അനുമതി തേടിയത്. ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസയാണ് വേനല്‍നിരക്കായി ഈടാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്ന ആവശ്യത്തിന് പുറമെയാണിത്.

വൈദ്യുതി റഗുലേറ്ററി കമ്മീഷന് പുതുക്കി നല്‍കിയ അപേക്ഷയിലാണ് കെഎസ്ഇബിയുടെ ആവശ്യം. യൂണിറ്റിന് 30 പൈസവീതം കൂട്ടണമെന്ന ആവശ്യത്തിന് പുറമെയാണ് 10 പൈസ വേനല്‍ക്കാല നിരക്ക് എന്ന പേരിലും ഈടാക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം യൂണിറ്റിന് 30 പൈസയും 2025–26 സാമ്പത്തികവര്‍ഷം യൂണിറ്റിന് 20 പൈസയും 2026–27 സാമ്പത്തിക വര്‍ഷം രണ്ടുപൈസയും കൂട്ടണം. മൂന്നുസാമ്പത്തിക വര്‍ഷവും ജനുവരിമുതല്‍ മേയ് വരെ വേനല്‍നിരക്ക് 10 പൈസ വീതവും ഈടാത്തും. ഇതുവഴി ഈ സാമ്പത്തിക വര്‍ഷം 811.20 കോടി രൂപയും അടുത്ത സാമ്പത്തിക വര്‍ഷം 549.10 കോടി രൂപയും 2026–27 കാലയളവില്‍ 53.82 കോടി രൂപയും അധികവരുമാനം ലക്ഷ്യമിടുന്നു.

പകലും രാത്രിയും വെവ്വേറെ നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന നേരത്തെയുള്ള നിര്‍ദ്ദേശവും ആവര്‍ത്തിച്ചിട്ടുണ്ട്. രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്നതാണ് നടപടി. വൈകുന്നേരം ആറുമുതല്‍ പത്തുവരെ നിലവിലെ നിരക്കിനെക്കാള്‍ യൂണിറ്റിന് ഇരുപത്തഞ്ചുശതമാനം അധികം ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിർദ്ദേശങ്ങള്‍ നടപ്പിലായാല്‍ ഉപഭോക്താക്കള്‍ക്ക് അധികഭാരമാകും താങ്ങേണ്ടിവരിക.

Comments (0)
Add Comment