വൈദ്യുതി ബോര്‍ഡ്‌ കിഫ്‌ബിയില്‍ നിന്ന്‌ കടമെടുക്കുന്നു; തിരിച്ചടവ് അടുത്ത സര്‍ക്കാരിന് ബാധ്യതയാകും

വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് നഷ്‌ടബാധ്യത ജനത്തില്‍നിന്നു പിഴിയുന്ന വൈദ്യുതി ബോര്‍ഡ്‌ പതിനായിരം കോടി രൂപ കിഫ്‌ബിയില്‍ നിന്ന്‌ കടമെടുക്കുന്നു. എക്‌സ്‌ട്രാ ഹൈടെന്‍ഷന്‍ ലൈനുകളുടെ ശേഷിവര്‍ധനവിനുള്ള വിവിധതരം പ്രവൃത്തികള്‍ക്കാണ്‌ ദീര്‍ഘമായ തിരിച്ചടവു കാലാവധിയില്‍ ഇത്രയധികം തുക കടമെടുക്കുന്നത്‌.

സര്‍ക്കാരും കെ.എസ്‌.ഇ.ബി.യും കിഫ്‌ബിയും തമ്മില്‍ വായ്‌പ സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ആദ്യഘട്ടമെന്ന നിലയില്‍ 3000 കോടി രൂപയുടെ ജോലികള്‍ക്ക്‌ അംഗീകാരം നല്‍കി കെ.എസ്‌.ഇ.ബി കിഫ്‌ബിക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

കാസര്‍ഗോഡു മുതല്‍ കോട്ടയം വരെയുള്ള ജില്ലകളിലെ വൈദ്യുതി വിതരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്‌.  ഈ പ്രവൃത്തികള്‍ക്ക്‌ കെ.എസ്‌.ഇ.ബി അംഗീകാരം നല്‍കിയ ശേഷം കിഫ്‌ബിക്കു സമര്‍പ്പിക്കും. കിഫ്‌ബി ഓരോ പ്രവൃത്തിക്കുമുള്ള തുക പ്രവൃത്തി തീരുന്ന മുറയ്‌ക്ക്‌ കരാറുകാരന്‌ നേരിട്ടാണ്‌ നല്‍കുക. പുതിയ സബ്‌ സ്‌റ്റേഷനുകള്‍ ആരംഭിക്കല്‍, പുതിയ സബ്‌ സ്‌റ്റേഷനിലേക്ക്‌ ലൈന്‍ വലിക്കല്‍, നിലവിലുള്ള ലൈനിന്‍റെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയാണ്‌ കിഫ്‌ബിയുടെ പണമുപയോഗിച്ച്‌ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികള്‍. സംസ്‌ഥാനത്തെ 24 സബ്‌ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട ലൈനുകള്‍ പുതുക്കുകയോ, ശേഷി വര്‍ധിപ്പിക്കുകയോ ചെയ്യുവാനുള്ള ഉദ്ദേശവുമുണ്ട്.

110 കെ.വി. ലൈനുകള്‍ 220 കെ.വി ലൈനായും 220 കെ.വി ലൈനുകള്‍ 400 കെ.വി ലൈനായുമാണ്‌ അപ്‌ഗ്രേഡ്‌ ചെയ്യുന്നതിനും.  കാലഹരണപ്പെട്ട ഇ.എച്ച്‌.ടി ലൈനുകള്‍ മഴക്കൊലത്ത്‌ പൊട്ടിവീണ്‌ അപകടം ഒഴിവാക്കുന്നതിനു മാണ്‌ പദ്ധതി നടപ്പാക്കുന്നതെന്ന്‌ ബോര്‍ഡ്‌ വിശദീകരിക്കുന്നു.  വായ്‌പയുടെ പലിശ നിരക്ക്‌ കിഫ്‌ബി തീരുമാനിച്ചിട്ടില്ല.

ദീര്‍ഘകാല വായ്‌പയായതിനാല്‍ ഒമ്പതു ശതമാനമായിരിക്കും പലിശയെന്നാണ്‌ വിവരം. വായ്‌പയുടെ 40 ശതമാനം തുക വിനിയോഗിച്ച ശേഷമായിരിക്കും പലിശ നിശ്‌ചയിക്കുകയെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. തിരിച്ചടവ്‌ തുടങ്ങുന്ന സമയവും തീരുമാനിച്ചിട്ടില്ല.

പിണറായി സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കുന്നത്‌ 2021-ല്‍ ആണ്‌.  അതിനുശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാറായിരിക്കും തിരിച്ചടവ്‌ തുടങ്ങേണ്ടത്‌.

electricityKERALA INFRASTRUCTURE INVESTMENT FUND BOARD (KIIFB )
Comments (0)
Add Comment