എംഎം മണി കെഎസ്ഇബി ക്ക് സാമ്പത്തിക ബാധ്യത വരുത്തി ; ഇടത് യൂണിയനുകള്‍ അധികാര ദുർവിനിയോഗം നടത്തുന്നു : കെഎസ്ഇബി ചെയർമാന്‍

Jaihind Webdesk
Tuesday, February 15, 2022

തിരുവനന്തപുരം: മുന്‍ വൈദ്യുത മന്ത്രി എംഎം മണിയുടേയും ഇടത് യൂണിയനുകളുടേയും അധികാര ദുർവിനിയോഗങ്ങളും സാമ്പത്തിക ദുര്‍വ്യയവും അക്കമിട്ട്  നിരത്തി കെഎസ്ഇബി ചെയർമാന്‍ ഡോ ബി അശോക് ഐഎഎസ്. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍റെ പ്രധാന ആക്ഷേപം.സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നതായി അദ്ദേഹം വിശദീകരിക്കുന്നു.

ടൂറീസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി.സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തെന്നും ചെയര്‍മാന്‍ ആക്ഷേപിക്കുന്നു.

വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിർദേശമനുസരിച്ചാണെന്നും അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

കെഎസ്ഇ ബി ചെയര്‍മാനെതിരെ സിഐടിയു സമരത്തിലാണ്. ചെയര്‍മാന്‍ ഡോ.ബി.അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടതുയൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും , സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ് ബുക്ക് പേജിലൂടെ ചെയര്‍മാന്‍ തിരിച്ചടിച്ചു.

കെഎസ്ഇബി ചെയർമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fksebl%2Fposts%2F4645263138918216&show_text=true&width=500