‘ചിലരെ വാഴ്ത്താൻ സെലക്ടീവായി പേന ചലിപ്പിക്കുന്ന ‘ആസ്ഥാനകവി’ പട്ടം ആർക്കും ഭൂഷണമല്ല’; ബെന്യാമിന് കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ മറുപടി

Jaihind News Bureau
Saturday, April 18, 2020

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചതിനെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കളെ വിമര്‍ശിച്ച എഴുത്തുകാരന്‍ ബെന്യാമിന് കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ മറുപടി. ജനാധിപത്യ കാലത്ത് ചിലരെ വാഴ്ത്താൻ വേണ്ടി സെലക്ടീവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആർക്കും ഭൂഷണമല്ലെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘മരുഭൂമിയിൽ കിടന്ന് ആടുജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നജീബുമാരുടെയും കുടുംബാംഗങ്ങളുടെയും രേഖകളാണ് അവരുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരു വലിയ മനുഷ്യാവകാശ ലംഘനമാണ് നിങ്ങളുടെ മുന്നിൽ ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് നിങ്ങൾ ഈ വിഷയത്തിൽ ഒന്ന് പ്രതികരിക്കണം. “കൊഞ്ഞാണൻമാർ” എന്ന് ഞങ്ങളെ വിളിച്ചതുപോലെ ഭരണപക്ഷത്തെ നിങ്ങൾ അഭിസംബോധന ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അത് എന്‍റെ സംസ്കാരമല്ല’-ശബരീനാഥന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിലെ ചില ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിൽ ഞാനടക്കമുള്ള UDF പ്രവർത്തകരെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രി പത്രസമ്മേളനം നിർത്തിയെതിനെ നമ്മൾ ട്രോൾ ചെയ്തതും പിന്നെ sprinkler വിവാദവുമാണ് അവർ നമുക്കെതിരെ നിരത്തുന്നത്.
വിമർശിച്ചതിൽ എനിക്ക് വിഷമം ഇല്ല, അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. എന്തായാലും കോവിഡ് കാലം കഴിഞ്ഞു MC റോഡിൽ കുളനട ജംക്ഷനെത്തുമ്പോൾ കൃത്യമായി എന്നത്തേയും പോലെ ഒരു ഫോൺ വിളി അങ്ങോട്ട് വരും.

അതവിടെ നിൽക്കട്ടെ, നിങ്ങൾ രാവിലെ പത്രം കണ്ടുകാണുമല്ലോ.Sprinklr കരാർ ഒപ്പിടുന്നതിനു ഒരാഴ്ച മുൻപുതന്നെ ജനങ്ങളുടെ രേഖകൾ സർക്കാർ Sprinklr കമ്പനിക്ക്‌ കൊടുത്തു. എന്നുവച്ചാൽ, ഒരു ഉടമ്പടിയും ഇല്ലാതെ പാവപ്പെട്ടവരുടെ ആരോഗ്യം രഹസ്യങ്ങൾ വിൽപ്പനചരക്കായി മാറി. സാമാന്യതകളില്ലാത്ത ഒരു അഴിമതിയിലേക്കാണ് ഈ കേസ് മാറുന്നത്.
യുഡിഎഫുകാർ മുഖ്യമന്ത്രിയെ ട്രോളിയെതിനേക്കാളും ഗൗരവമുള്ള വിഷയമാണ് ഇത്. മരുഭൂമിയിൽ കിടന്നു ആടുജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നജീബുമാരുടെയും കുടുംബാംഗങ്ങളുടെയും രേഖകളാണ് അവരുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരു വലിയ മനുഷ്യാവകാശ ലംഘനമാണ് നിങ്ങളുടെ മുന്നിൽ ഇപ്പോൾ നടക്കുന്നത്.

അതുകൊണ്ടു നിങ്ങൾ ഈ വിഷയത്തിൽ ഒന്ന് പ്രതികരിക്കണം. “കൊഞ്ഞാണൻമാർ” എന്ന് ഞങ്ങളെ വിളിച്ചതുപോലെ ഭരണപക്ഷത്തെ നിങ്ങൾ അഭിസംബോധന ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അത് എന്റെ സംസ്കാരമല്ല.

പക്ഷേ ഈ തട്ടിപ്പിനെതിരെ ഈ സമയത്തു ഒന്നും നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ, ചരിത്രം നിങ്ങൾക്ക് ചാർത്താൻ പോകുന്നത് “ആസ്ഥാനകവി” എന്ന പേരായിരിക്കും. ജനാധിപത്യ കാലത്ത് ചിലരെ വാഴ്ത്താൻ വേണ്ടി സെലെക്ടിവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആർക്കും ഭൂഷണമല്ല.