പരാമര്‍ശം പൊതുപ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല; പ്രതിഭ എംഎൽഎ പോസ്റ്റ് പിന്‍വലിച്ച് ജനങ്ങളോടും പത്രപ്രവർത്തകരോടും മാപ്പ് പറയണമെന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എ

Jaihind News Bureau
Saturday, April 4, 2020

കായംകുളം എംഎല്‍എ യു പ്രതിഭ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പൊതുപ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെഎസ് ശബരീനാഥന്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ജനങ്ങളോടും പത്രപ്രവര്‍ത്തകരോടും മാപ്പുപറയണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.  ജനപ്രതിനിധികള്‍ കൂടുതല്‍ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. അലോസരമുണ്ടാക്കുന്ന വാര്‍ത്തകളെ സമചിത്തതയോടെ നേരിടണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കായംകുളം MLA ശ്രിമതി യൂ.പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില DYFI പ്രവർത്തകരാണ്. MLA യെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്.

പക്ഷേ ഈ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന്പകരം ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്ന MLA ഈ വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരോട് “നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും” എന്ന് പറയുന്നത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല.

നമ്മൾ ജനപ്രതിനിധികളാണ്, കൂടുതൽ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോൾ എനിക്കും നിങ്ങൾക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം, വാർത്തകൾ വന്നേക്കാം- അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നൽകുമ്പോൾ, ജനം മാർക്കിടുന്നത് നമുക്കാണെന്ന് പ്രിയ MLA ഓർക്കണം.