അവന്റെ പാസ്‌പോര്‍ട്ട്… വീട്ടില്‍ വെച്ചാല്‍ മഴയോ കാറ്റോ വന്നാല്‍ എല്ലാം പോവും എന്ന് പറഞ്ഞ് എന്റെ കയ്യില്‍ തന്നതാ… ഇനി ആര്‍ക്കു ഞാന്‍ ഇത് കൊടുക്കും? ഉള്ളുപൊള്ളിക്കുന്ന ഓര്‍മ്മകളില്‍ കൃപേഷിന്റെ ആത്മസുഹൃത്ത്

അവന്റെ പാസ്‌പോര്‍ട്ട്… വീട്ടില്‍ വെച്ചാല്‍ മഴയോ കാറ്റോ വന്നാല്‍ എല്ലാം പോവും എന്ന് പറഞ്ഞ് എന്റെ കയ്യില്‍ തന്നതാ… ഇനി ആര്‍ക്കു ഞാന്‍ ഇത് കൊടുക്കും? ഏതൊരാളെയും ഹൃദയത്തെ വേദനകളാല്‍ നിറച്ചൊരു ചോദ്യമായിരുന്നു ജിതിയുടെ ഫേസ്ബുക്കില്‍. ഇപ്പോഴും ജിതിയുടെ ഫേസ്ബുക്ക് വാള്‍ നിറയെ കിച്ചുവെന്ന കൃപേഷിനെക്കുറിച്ചുള്ള ഓര്‍മ്മകളും കുറിപ്പുകളും ചിത്രങ്ങളുമാണ്. കിച്ചു തനിക്കൊപ്പമില്ല എന്ന് വിശ്വസിക്കാന്‍ ജിതിയ്ക്കിപ്പോഴും സാധിക്കുന്നില്ല. കാസര്‍കോട് ജില്ലയിലെ കല്യോട്ട് ഗ്രാമത്തില്‍ സി.പി.എമ്മുകാര്‍ കൊന്നു തള്ളിയ കൃപേഷ്, ജിതിയ്ക്ക് കിച്ചുവാണ്. കുട്ടിക്കാലം മുതല്‍ കൂടെയുള്ള ആത്മസുഹൃത്ത്. കിച്ചുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കൊപ്പം ഒന്നുകൂടി ജിതി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്ക് വച്ചിരുന്നു. കൃപേഷിന്റെ പാസ്‌പോര്‍ട്ടിന്റെ ചിത്രം. ഒപ്പം ഒരു കുറിപ്പും. ‘അവന്റെ പാസ്‌പോര്‍ട്ട്. വീട്ടില്‍ വച്ചാല്‍ മഴയോ കാറ്റോ വന്നാല്‍ എല്ലാം പോകും എന്ന് പറഞ്ഞ് എന്റെ കയ്യില്‍ തന്നതാ. ഇനി ആര്‍ക്ക് ഞാനിത് കൊടുക്കും?’ വായിച്ചവരുടെ ഉള്ളുപൊള്ളിച്ച ചോദ്യമായിരുന്നു ജിതിയില്‍ നിന്നുണ്ടായത്.

കൃപേഷിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ അവസാന ചിത്രം കൃപേഷിന്റെ ഓല മേഞ്ഞ ആ ചെറ്റക്കുടിലാണ്. വീടെന്ന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പറയാന്‍ ഓലകൊണ്ടുള്ള ഒരു ഭിത്തി പോലും അതിനുണ്ടായിരുന്നില്ല. കൊല്ലപ്പെടുന്ന അന്ന് രാവിലെ ഈ വീട്ടില്‍ നിന്നാണ് കൃപേഷ് ഇറങ്ങിപ്പോയത്. പിന്നീട്, ജീവനോടെ ഈ വീട്ടിലേക്ക് തിരികെ വരാന്‍ കൃപേഷിന് കഴിഞ്ഞില്ല. ‘സംഭവം നടക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് എന്റെ തൊട്ടടുത്ത് നിന്നാ അവര് രണ്ടുപേരും ബൈക്കില്‍ കയറി പോയത്. പിറ്റേന്ന് കാണാമെന്ന് പറഞ്ഞ്..’ -കഴിഞ്ഞ ഫെബ്രുവരി 14 നെ ജിതി ഓര്‍ത്തെടുക്കുന്നു.

രണ്ട് മാസം മുമ്പ് ബാംഗ്ലൂരില്‍ ജോലി അന്വേഷിച്ചു പോകുന്ന സമയത്താണ് കൃപേഷ് പാസ്‌പോര്‍ട്ട് ജിതിയെ ഏല്‍പ്പിച്ചത്. വീട്ടിലിരുന്നാല്‍ മഴയോ കാറ്റോ വന്നാല്‍ നനഞ്ഞു പോകുമോ എന്ന് പേടിച്ചിട്ട് തന്നെ. വിദേശത്ത് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കൃപേഷ്. അതിന് വേണ്ടി പരിചയക്കാരോടും സുഹൃത്തുക്കളോടും പറയുകയും ചെയ്തിരുന്നു. നല്ലൊരു വീടുണ്ടാക്കാന്‍, അച്ഛനെയും അമ്മയെയും അനിയത്തിമാരെയും സംരക്ഷിക്കാന്‍ കൃപേഷ് കണ്ടെത്തിയ രക്ഷാമാര്‍ഗമായിരുന്നു ഈ പാസ്‌പോര്‍ട്ട്.

കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം കാണണമെന്ന് കിച്ചുവിന് വലിയ ആഗ്രഹമായിരുന്നു. 717 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അമ്പലത്തില്‍ വരുന്ന ഡിസംബറില്‍ പെരുങ്കളിയാട്ടം നടക്കുന്നത്. ആനയും ഉത്സവവും ഫുട്‌ബോളും ഒക്കെ വലിയ ഇഷ്ടമായിരുന്നു കിച്ചുവിന്. ഡിസംബര്‍ കഴിഞ്ഞ് ജോലിയുടെ കാര്യം തീരുമാനമാക്കാന്‍ കാത്തിരിക്കുകയായിരുന്നു കിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു അവനെ. എല്ലാ ദിവസവും രാവിലെ കുട്ടികളെ വിളിച്ചു കൊണ്ട് ഫുട്‌ബോള്‍ കോച്ചിംഗിന് പോകും.

അതുപോല ആനപ്രേമിയായിരുന്നു..’ ജിതി പറയുന്നു. ആനയോട് പ്രാന്ത് ആയിരുന്നു എന്റെ മുത്തിന്… എപ്പഴും ഞങ്ങളോട് പറഞ്ഞോണ്ടിരിക്കും…പിന്നെ ഫുട്ബാള്‍… അത് അവനു ജീവന്‍ ആയിരുന്നു… അവന്‍ മെസ്സി ഫാന്‍ ആയിരുന്നു… ഞാന്‍ നെയ്മര്‍ ഫാന്‍ ഉം…അതിന്റെ പേരില്‍ എപ്പഴും വഴക്കിടും…. ഇനി എപ്പഴാ എന്നോട് ഒന്ന് വഴക്കിടാ അവന്‍…. ജിതിയുടെ ഓരോ കുറിപ്പുകളും, ചോദ്യങ്ങളും മനസിനെ നീറ്റുന്ന വേദനയായി മാറുകയാണ്.

കല്യോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ ദിനമായ അന്ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തില്‍ തയ്യാറാക്കിയ ഭക്ഷണത്തില്‍ ബാക്കി വന്ന കൂട്ടാനുമായി അവന്‍ വീട്ടിലേക്ക് ഓടി വന്നു. ഇന്ന് രാത്രിക്ക് വീട്ടില്‍ അമ്മ നമ്മള്‍ക്ക് കറി ഉണ്ടാക്കുവാന്‍ കഷ്ട്ടപ്പെടേണ്ടാന്നും ദേവിയുടെ പ്രസാദമായ ഈ കൂട്ടാന്‍ നമ്മുക്ക് ഒന്നിച്ച് കഴിക്കാമെന്നും സന്തോഷത്തോടെ അവന്‍ പറഞ്ഞു.

പ്രിയ കൂട്ടുകാരന്‍ ജോഷിയെ (ശരത്ത് ലാല്‍ ) കണ്ട് ഉടനെ തിരിച്ചെത്താമെന്ന് അച്ഛനോട് യാത്ര പറഞ്ഞ കൃപേഷിനെ പിന്നെ കണ്ടത് പിറ്റേ ദിവസം സായാഹ്നത്തില്‍ വെളള തുണിയില്‍ പൊതിഞ്ഞ ചേതനയറ്റ ശരീരമാണ്. കൃപേഷിന്റെയും, ശരത്ത് ലാലിന്റെയും ജീവിതത്തിലെ അവസാന ദിവസം മുഴുവന്‍ ചെലവഴിച്ചത് ആ ദേവീ സന്നിധിയിലായിരുന്നു. നാടിന്റെ പ്രിയ മക്കളെ വെട്ടിക്കൊന്ന ശവംതീനികളോട് കല്യോട്ട് ഭഗവതി പകരം ചോദിക്കട്ടെയെന്നും ജിതിയുടെ ഫേസ്ബുക്കില്‍ കുറിക്കുന്നു…

youth congresstwin murderkripeshkasargod twin murdersarathlalmartyr
Comments (0)
Add Comment