കെ.ആർ രാജന് ഓണററി ഡോക്ടറേറ്റ്

Jaihind News Bureau
Sunday, November 1, 2020

 

പാമ്പാടി : മാനവ വിഭവശേഷി, പരിസ്ഥിതി സംരക്ഷണം, ഗ്രാമക്ഷേമ പദ്ധതികൾ, പ്രചോദനസാഹിത്യം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നൈജീരിയ കേന്ദ്രമായി ലോക സമാധാനത്തിനും, സാമൂഹ്യക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന DPRMI യുടെ ഓണററി ഡോക്ടറേറ്റ് എൻ.എസ്.എസ് മാനവ വിഭവശേഷി വകുപ്പ് മേധാവി കെ.ആർ രാജന് സമ്മാനിച്ചു.

2010 മുതൽ നായർ സർവീസ് സൊസൈറ്റി മാനവവിഭവശേഷി വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന കെ.ആർ രാജൻ, കാൽ നൂറ്റാണ്ടുകാലം ഇന്ത്യയിലും വിദേശ രാജ്യത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ മാനവവിഭവശേഷി വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു. മനുഷ്യവിഭവശേഷി രംഗത്തെ നവീന ആശയങ്ങൾ, ഗ്രാമങ്ങളുടെ ക്ഷേമത്തിനായി നടത്തിവരുന്ന പുതിയ പദ്ധതികൾ, പരിസ്ഥിതിസംരക്ഷണത്തിനും, ജലസംരക്ഷണത്തിനും, അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുവാനും നിരന്തരമായി തുടരുന്ന പ്രവർത്തനങ്ങൾ, പ്രചോദന പ്രഭാഷണങ്ങൾ, പ്രചോദന സാഹിത്യം എന്നീ രംഗങ്ങളിലെ സംഭാവനകളാണ് കെ.ആർ രാജനെ ഓണററി ഡോക്ടറേറ്റിന് അർഹനാക്കിയത്. ഞായറാഴ്ച ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികളുൾപടെ 42 രാജ്യങ്ങളിൽ നിന്നുളളവർ പങ്കെടുത്ത ഓൺലൈൻമീറ്റിംഗിലൂടെ ഡോക്ടറേറ്റ് സമ്മാനിച്ചു.

മാനവ വിഭവശേഷി രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2018 ലെ വാസുദേവ കീർത്തി പുരസ്കാരം നേടിയിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ കെ.ആർ. രാജൻ മികച്ച വാഗ്മിയും രണ്ട് പുസ്തകങ്ങളുടെ രചയിതാവുമാണ്. ഭാര്യ അംബികാദേവി. മക്കൾ അർജുൻ രാജ് ആരതി രാജ്.