വിപ്ലവ നായികയ്ക്ക് വിട ; കെ.ആര്‍ ഗൗരിയമ്മ ഇനി ഓർമ്മയില്‍

Jaihind Webdesk
Tuesday, May 11, 2021

ആലപ്പുഴ : കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത കെ.ആർ.ഗൗരിയമ്മ ഇനി ഓർമ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വലിയചുടുകാട്ടില്‍ നടന്നു.  തിരുവനന്തപുരത്ത് അന്തരിച്ച ഗൗരിയമ്മയുടെ മൃതദേഹം അയങ്കാളി ഹാളിലും ആലപ്പുഴയിലെ സ്വവസതിയായ ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലും എസ്ഡിവി സ്കൂൾ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചിരുന്നു.

കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ കഴിഞ്ഞ മാസമാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കെ ആർ ​ഗൗരിയമ്മയുടെ അന്ത്യം. കഴിഞ്ഞമാസം 22നായിരുന്നു ​അണുബാധയെത്തുടർന്ന് ​ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ശനിയാഴ്ച വീണ്ടും വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ചേർത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്‍റര്‍മീഡിയറ്റും സെന്‍റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ സ്വാധീനത്താൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

നിയമം പഠിച്ച് വക്കീലായി രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്‍റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം. ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയുമാണ് കെ.ആര്‍ ഗൗരിയമ്മ ജനസേവനത്തിലേക്കിറങ്ങുന്നത്. അമ്പതുകളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെആര്‍ ഗൗരിയമ്മ. സ്ത്രീകൾക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെ.ആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്.

തിരുവിതാംകൂർ ദിവാൻ സി.പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയർന്ന പ്രതിഷേധവും പുന്നപ്ര–വയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്. പി കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകിയത്. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി. അക്കാലത്താണ് ടി.വി തോമസുമായുള്ള വിവാഹം. അതേ മന്ത്രിസഭയിൽ അംഗമായിരുന്നു ടി.വി തോമസും. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവി തോമസും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടിവി തോമസ് സിപിഐക്കൊപ്പവുമായിരുന്നു. തുടർന്ന് ടിവി തോമസുമായുള്ള ദാമ്പത്യവും വേർപിരിഞ്ഞു.

പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്. ആറുതവണ മന്ത്രിയായി. മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.

യുഡിഎഫിലായിരുന്ന ഗൌരിയമ്മ 2016-ല്‍ മുന്നണി വിട്ടു. സിപിഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങളും നേതൃത്വവുമായുള്ള പിണക്കവും മൂലം 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. 2019 വരെ ജെഎസ്എസിന്‍റെ ജനറൽ സെക്രട്ടറിയായിരുന്നു ഗൗരിയമ്മ. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട 1994 മുതൽ 2016 വരെ യുഡിഎഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നൽകി സിപിഎം എൽഡിഎഫിലേക്ക് കൊണ്ടു വന്നു. ഗൗരിയമ്മയുടെ ആത്മകഥയ്ക്ക് 2011-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.